ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാ പഞ്ചായത്തുകളും പുതിയ പച്ചത്തുരുത്തുകളുടെ സാധ്യതകള്‍ കണ്ടെത്താനും വിദ്യാലയങ്ങള്‍, കോളെജ് ക്യാമ്പസുകള്‍ എന്നിവിടങ്ങളില്‍ പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കാനുള്ള സൗകര്യം കണ്ടെത്താനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി സംയോജിത പ്രവര്‍ത്തന യോഗത്തില്‍ തീരുമാനം. കണ്ടെത്തിയ ഇടങ്ങളിലെല്ലാം ഓഗസ്റ്റ് 30 നകം വൃക്ഷത്തൈക ള്‍ നടണം. ഇതിനായി ജില്ലാ സോഷ്യല്‍ ഫോറസ്ട്രിയില്‍ നിന്നും 18,000 വൃക്ഷത്തൈകള്‍ നല്‍കാമെന്ന് വകുപ്പ് പ്രതിനിധി യോഗത്തില്‍ അറിയിച്ചു.

ക്യാമ്പസുകളില്‍ നിര്‍മ്മിച്ച പച്ചത്തുരുത്തുകളില്‍ ഓരോ വിദ്യാര്‍ത്ഥികളെയും അവരുടെ ജന്മദിനത്തില്‍ വൃക്ഷത്തൈകള്‍ നടാന്‍ പ്രേരിപ്പിക്കണം. അതോടൊപ്പം മഴ വെള്ള സംഭരണത്തിനായി ഒരു വാര്‍ഡില്‍ ഒരു കുളം എങ്കിലും നിര്‍മ്മിക്കണമെന്നും പുഴയുടെ തീരങ്ങളില്‍ മുളകള്‍ നട്ട് പിടിപ്പിക്കുന്നതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്താനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

ജലാശയങ്ങളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തവാദിത്തമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ യോഗത്തില്‍ പറഞ്ഞു. മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, മഴവെള്ള സംഭരണം, പച്ചത്തുരുത്തുകളുടെ നിര്‍മ്മാണവും നിലവിലുള്ള പച്ചത്തുരുത്തുകളുടെ സംരക്ഷണവും തുടങ്ങിയ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ജലാശയങ്ങളുടെ സംരക്ഷണം, മാലിന്യ സംസ്‌കരണം എന്നിവയെ കുറിച്ച് നിരന്തരമായി എല്ലാവരും പൊതുയിടങ്ങളില്‍ ചര്‍ച്ചയാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ മഴ കുറയുകയും ചൂട് കൂടിയും വരുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും അതിനാല്‍ ജില്ലയിലെ പരിസ്ഥിതി സംരക്ഷണം അത്യാവശ്യമാണെന്നും നവകേരളം കര്‍മ്മപദ്ധതി 2 ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി പറഞ്ഞു. നിലവിലുള്ള പച്ചത്തുരുത്തിന്റെ സംരക്ഷണം ഉറപ്പാക്കണം. കൂടുതല്‍ പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കണം. ഇതോടൊപ്പം ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളെയും ഹരിത ടൂറിസം കേന്ദ്രങ്ങളാക്കണം. എല്ലാ ജലാശയങ്ങളും മാലിന്യമുക്തമാക്കണമെന്നും ഭാരതപ്പുഴയുടെ തീരങ്ങള്‍ ഇടിയുന്നത് തടയുന്നതിനായി മുളയോ ഈറ്റയോ നടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ വെള്ളിനേഴി, ശ്രീകൃഷ്ണപുരം, കാഞ്ഞിരപ്പുഴ, നെന്മാറ, മുതലമട, കൊല്ലങ്കോട്, മലമ്പുഴ, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.