ആവിഷ്‌കാര സ്വാതന്ത്ര്യം കലയിലൂടെ കൃത്യമായി അവതരിപ്പിക്കുന്ന നാടാണ് കേരളം എന്നും നല്ല ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നതിനൊപ്പം അവയുടെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു എന്നത് കേരളത്തെ വ്യത്യസ്തമാക്കുന്നു എന്നും തിലോത്തമ ഷോം. പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളയിലെ ഇൻ കോൺവെർസേഷനിൽ എഴുത്തുകാരിയും വിവർത്തകയും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയുമായ കൈകസി വി എസ്സുമായി സംസാരിക്കുകയായിരുന്നു തിലോത്തമ

സ്ത്രീകേന്ദ്രീകൃത കഥ എന്നതിനേക്കാൾ യുക്തി ഭദ്രമായ അവതരണത്തിന് പ്രധാന്യം നൽകുന്ന സിനിമകളാണ് ഉണ്ടാകേണ്ടതെന്നും അപ്പോഴാണ് ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെടുകയെന്നും അവർ അഭിപ്രായപ്പെട്ടു.

ഒ.റ്റി.റ്റി, തിയേറ്റർ, വെബ് സീരീസ്, ഷോർട്ട് ഫിലിം തുടങ്ങി ഏത് പ്ലാറ്റ്‌ഫോമിലായാലും അഭിനയം അഭിനയം തന്നെയാണ്. അതേക്കുറിച്ച് അഭിനേതാക്കൾ ആശങ്കപ്പെടേണ്ടതില്ല.

അഭിനയം മറ്റെല്ലൊത്തിനെയും പോലുള്ള ഒരു പ്രൊഫഷനാണ് എന്നും അവർ ചൂണ്ടികാട്ടി.

ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ സിനിമയും നിർമ്മിക്കപ്പെടുന്നത്. അപ്പോൾ അതിനു ഒരു വേദി ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഐ ഡി എസ് എഫ് എഫ് കെ പോലുള്ള മേളകൾ നല്ല ചിത്രങ്ങൾക്ക് അവസരം നൽകുന്നുവെന്നത് കാണുമ്പോൾ സന്തോഷമാണെന്ന് തിലോത്തമ ഷോം പറഞ്ഞു. നല്ല അഭിനേത്രികൾ വളർന്നു വരാൻ കുടുംബത്തിന്റെ ഉറച്ച പിന്തുണ അത്യവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

ഇരുപത് വർഷത്തോളം സിനിമയിൽ സജീവമായിരുന്നു. ഇപ്പോഴാണ് അവസരങ്ങൾ കൂടുതൽ വന്നു തുടങ്ങിയത്. അധികം സിനിമകൾ ഇല്ലാതിരുന്ന സമയത്തുപോലും വീട്ടിൽ നിന്നു മറ്റൊരു ജോലി കണ്ടെത്തുവാൻ നിർബന്ധിച്ചിരുന്നില്ല. അവർ എന്നെ എന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ പോകുവാൻ അനുവദിച്ചു. അത് ഒരു അനുഗ്രഹമായി ഞാൻ കാണുന്നു. അതുകൊണ്ടാണ് ഞാൻ ഇന്നിവിടെ എത്തി നിൽക്കുന്നത്. – തിലോത്തമ ഷോം പറഞ്ഞു.

ദേശീയ രാജ്യാന്തര തലങ്ങളിൽ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയും മേളയുടെ ജൂറി അംഗവുമായ തിലോത്തമ ഷോം സിനിമകളിലും വെബ് സീരീസുകളിലും സജീവമാണ്. മൺസൂൺ വെഡിങ്, ഡൽഹി ക്രൈം സീസൺ 2, ദി നൈറ്റ് മാനേജർ, ലസ്റ്റ് സ്റ്റോറീസ് 2 തുടങ്ങിയവയിൽ ശക്തവും ശ്രദ്ധേയവുമായ നിരവധി കഥാപാത്രങ്ങളെയാണ് അവർ ആവിഷ്‌കരിച്ചത്.