77-ാം സ്വാതന്ത്ര്യ ദിനാഘോഷം സംസ്ഥാനത്ത് പ്രൗഢമായ ചടങ്ങുകളോടെ ആഘോഷിച്ചു. രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി. സായുധ സേനാ വിഭാഗങ്ങളും സായുധേതര വിഭാഗങ്ങളും അണിനിരന്ന സ്വാതന്ത്ര്യദിന പരേഡും നടന്നു.

വർക്കല എ.എസ്.പി. ബി.വി. വിജയ് ഭരത് റെഡ്ഡിയായിരുന്നു സ്വാതന്ത്ര്യ ദിന പരേഡിന്റെ കമാൻഡർ. കെ.എ.പി. അഞ്ചാം ബെറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് ബിജു ദിവാകരൻ സെക്കൻഡ് ഇൻ കമാൻഡന്റായി. മലബാർ സ്പെഷ്യൽ പൊലീസ്, സ്പെഷ്യൽ ആംഡ് പൊലീസ്, കേരള ആംബ്ഡ പൊലീസിന്റെ 1, 2, 3, 4, 5 ബെറ്റാലിയനുകൾ, കേരള ആംഡ് വിമെൻ പൊലീസ് ബെറ്റാലിയൻ, ഇന്ത്യാ റിസർവ് ബെറ്റാലിയൻ, തമിഴ്നാട് സ്റ്റേറ്റ് പൊലീസ്, റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്‌ക്യൂ ഫോഴ്സ്, കേരള പ്രിസൺ ഡിപ്പാർട്ട്മെന്റ്, കേരള എക്സൈസ് ഡിപ്പാർട്ട്മെന്റ്, കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് എന്നിവരുടേയും കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ്, കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, സൈനിക് സ്‌കൂൾ, എൻ.സി.സി, സീനിയർ ഡിവിഷൻ ആർമി(ബോയ്സ്), എൻ.സി.സി, സീനിയർ വിങ് ആർമി(ഗേൾസ്), എൻ.സി.സി. സീനിയർ ഡിവിഷൻ നേവൽ വിങ്, എൻ.സി.സി. ജൂനിയർ ഡിവിഷൻ എയർ വിങ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ് ബോയ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ് ഗേൾസ്, ഭാരത് സ്‌കൗട്ട്സ്, ഭാരത് ഗൈഡ്സ്, തിരുവനന്തപുരം സിറ്റി മൗണ്ടഡ് പൊലീസ് എന്നിവരുടെ ഒരു പ്ലറ്റൂൺ വീതം പരേഡിൽ അണിനിരന്നു.

പരേഡ് പരിശോധിച്ച ശേഷം മുഖ്യമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്നു സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലുകൾ, രാഷ്ട്രപതിയുടെ കറക്ഷണൽ സർവീസ് മെഡലുകൾ എന്നിവയ്ക്ക് അർഹരായവർക്കും ഉത്തം ജീവൻ രക്ഷാ പതക്, ജീവൻ രക്ഷാ പതക് എന്നിവ നേടിയവർക്കും മുഖ്യമന്ത്രി മെഡലുകൾ സമ്മാനിച്ചു. സ്വാതന്ത്ര്യദിന പരേഡിൽ മികവുകാട്ടിയവർക്കുള്ള പുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. തുടർന്നു സ്‌കൂൾ വിദ്യാർഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.

മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക് ദർവേഷ് സാഹെബ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.