വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കിടങ്ങുമ്മൽ-നിരപ്പിൽ ഏലാ റോഡിന്റെ നവീകരണ പ്രവർത്തികൾ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ നിയോജക മണ്ഡല ആസ്തി വികസന പദ്ധതിയിൽ നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു റോഡ് കോൺക്രീറ്റിംഗ്.

വികസനത്തിന്റെ പ്രധാനമുഖം പശ്ചാത്തല സൗകര്യ വികസനമാണെന്നും റോഡുകൾ സഞ്ചാരയോഗ്യമായിരിക്കണമെന്നും എം.എൽ.എ പറഞ്ഞു. റോഡ് നവീകരണം സമയബന്ധിതമായി പൂർത്തിയാക്കാൻ കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രമിക്കണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

260 മീറ്റർ നീളത്തിൽ കോൺക്രീറ്റിംഗും ഇരുവശത്തും 80 മീറ്റർ നീളത്തിൽ കരിങ്കൽ കെട്ടും ഉൾപ്പെടുന്നതാണ് പ്രവർത്തി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ് നിർവഹണ ഉദ്യോഗസ്ഥൻ. കിടങ്ങുമ്മൽ ജംഗ്ഷനിൽ നടന്ന പരിപാടിയിൽ വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജലക്ഷ്മി അധ്യക്ഷനായിരുന്നു. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.