പാറശാല അഗ്നിരക്ഷാനിലയത്തിന് ഇനി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കാം. പുതിയ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സി.കെ ഹരീന്ദ്രൻ എം.എൽ.എയുടെ ശ്രമഫലമായി 2021-22 ബജറ്റ് വിഹിതത്തിലുൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്.
കേരളം വികസനത്തിന്റെ പരിവർത്തന യുഗത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഉൾക്കൊള്ളൽ, സാമൂഹിക ക്ഷേമം, സുസ്ഥിര വളർച്ച എന്നിവയിൽ ഊന്നൽ നൽകുന്നതാണ് സർക്കാരിന്റെ നയങ്ങളെന്നും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുസ്ഥിരത എന്നിവയോടുള്ള പ്രതിബദ്ധത സംസ്ഥാനത്തിന്റെ പുരോഗതിക്ക് ശക്തമായ അടിത്തറ സൃഷ്ടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പാറശാല മണ്ഡലം വികസനത്തിന്റെ മറ്റൊരുഘട്ടം കൂടി പിന്നിടുകയാണെന്നും സമൂഹത്തിന് വേണ്ടി പരിശ്രമിക്കുന്ന ഫയർ ആൻഡ് റസ്‌ക്യൂ ടീമിന് മികച്ച സൗകര്യങ്ങൾ ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഗ്നിരക്ഷാ നിലയത്തിന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി പാറശാല ഗ്രാമപഞ്ചായത്താണ് ആയുർവേദ ആശുപത്രിക്ക് സമീപം സ്ഥലം നൽകിയത്. രണ്ട് നിലകളിലായി 640 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണ് നിർമിക്കുന്നത്.
ആദ്യഘട്ടത്തിൽ ഗ്രൗണ്ട് ഫ്‌ളോറിൽ നാല് ഫയർ ട്രക്കുകൾക്കുള്ള പാർക്കിംഗ് ഏരിയ, ഓഫീസ് ഏരിയ, ഇലക്ട്രിക്കൽ റൂം, മെക്കാനിക്കൽ റൂം, സ്റ്റോർ റൂം, വാച്ച് റൂം എന്നിവയും ഫസ്റ്റ് ഫ്‌ളോറിൽ അഗ്നിരക്ഷാ സേനാംഗങ്ങൾക്കുള്ള റസ്റ്റ് ഏരിയ, സ്‌റ്റെയർ റൂം എന്നിവയും പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിൽ അണ്ടർഗ്രൗണ്ട് സമ്പ് ടാങ്ക്, ചുറ്റുമതിൽ, ഫസ്റ്റ് ഫ്‌ളോറിലെ സ്ത്രീകൾക്കുള്ള റസ്റ്റ് റൂം, ഓഫീസേഴ്‌സ് റസ്റ്റ് റൂം, കിച്ചൻ, ഡൈനിങ് ഏരിയ എന്നിവയും പൂർത്തിയാക്കും. 12 മാസമാണ് നിർവഹണ കാലയളവ്.
പുത്തൻകട പഞ്ചായത്ത് കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ സി.കെ ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരുന്നു. ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറൽ കെ.പത്മകുമാർ മുഖ്യാതിഥിയായി. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻഡാർവിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ മഞ്ചു സ്മിത, അഗ്നിരക്ഷാ നിലയം ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.