അത്തം തൊട്ട് തിരുവോണം വരെ പൂക്കളമിടാന്‍ പൂക്കളൊരുക്കി എടവിലങ്ങ് ഗ്രാമ പഞ്ചായത്ത്. ഓണക്കാലത്തേക്ക് ആവശ്യമായ ചെണ്ടുമല്ലി പൂക്കള്‍ ഗ്രാമപഞ്ചായത്തില്‍ തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിലാണ് പുഷ്പകൃഷി ഒരുക്കിയിരിക്കുന്നത്.

അതുല്പാദന ശേഷിയുള്ള 100 ഹൈബ്രിഡ് തൈകളും 10 കിലോ ജൈവവളവും 75 ശതമാനം സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കിയാണ് പൂകൃഷി നടത്തിയത്. 154 യൂണിറ്റുകള്‍ക്കായി 15,400 തൈകളാണ് പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ ജനകീയാസൂത്രണം പദ്ധതിലൂടെ വിതരണം ചെയ്തത്. വാര്‍ഡ് തല യൂണിറ്റുകളിലെ ആദ്യ വിളവെടുപ്പ് വലിയകത്ത് വീട്ടില്‍ റഫിയത്ത് ഷമാസിന്റെയും പൂതോട്ട് അഭയന്‍, കിഴക്കൂട്ടയില്‍ സൂരജ് എന്നിവരുടെയും കൃഷിയിടത്തില്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതന്‍ അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ ആശാലത, വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന ജലീല്‍, വാര്‍ഡ് മെമ്പര്‍മാരായ ബിന്ദു രാധാകൃഷ്ണന്‍, വിബിന്‍ ദാസ്, ഗിരീഷ് കുമാര്‍, കൃഷി ഓഫീസര്‍ പി സി ആതിര, കൃഷി അസിസ്റ്റന്റ്മാരായ കെ സി സൗമ്യ, ബിജി, പി എന്‍ ജീവ തുടങ്ങിയവര്‍ പങ്കെടുത്തു.