വെങ്ങപ്പള്ളി പഞ്ചായത്തിലെ ചോലപ്പുറം പച്ചത്തുരുത്ത് ഗ്രാമീണ ടൂറിസത്തിന്റെ വഴികള്‍ തേടുന്നു. പുഴയോരത്തിന്റെ സ്വഭാവികത നഷ്ടപ്പെടാതെ തന്നെ മുളകളും മരങ്ങളും പഴവര്‍ഗ്ഗങ്ങളും ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. എം.എസ് സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷന്റെ സഹായത്തോടെ പച്ചത്തുരുത്തിലെ മുഴുവന്‍ ചെടികളുടെയും കണക്കെടുത്ത് അവയെ തരംതിരിച്ച് അവയുടെ യഥാര്‍ത്ഥ പേര്, ശാസ്ത്രീയ നാമം എന്നിവ രേഖപ്പെടുത്തും.
പച്ചതുരുത്തില്‍ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ചെടികളും നട്ടുപിടിപ്പിക്കും. എം.എസ് സ്വാമി നാഥന്‍ റിസര്‍ച്ച് ഫൌണ്ടേഷന്റെ സഹകരണത്തോടെയാണ് പച്ചതുരുത്തിന്റെ തുടര്‍പ്രവര്‍ത്തങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെ നടപ്പിലാക്കിയ ഈ പച്ചതുരുത്ത് ജില്ലയിലെ ഏറ്റവും മികച്ച പച്ചതുരുത്താണ്.
എടത്തറക്കടവ് പുഴയുടെ തീരത്തായി ഒരു ഏക്കറിലധികം വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ചോലപ്പുറത്തെ ഒരു ചെറു വനമാക്കാന്‍ ഹരിത കേരളം മിഷനും പഞ്ചായത്തും ചേര്‍ന്ന് തിരഞ്ഞെടുത്തു. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെയാണ് പച്ചതുരുത്തിന്റെ പരിപാലനം.
പച്ചത്തുരുത്തിന്റെ വിപുലീകരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട യോഗം ചോലപ്പുറം പച്ചത്തുരുത്തില്‍ ചേര്‍ന്നു. പച്ചത്തുരുത്തിനെ ഗ്രാമീണ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, പഠന കേന്ദ്രമാക്കുക എന്നിവയെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. പച്ചത്തുരുത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു വിശദീകരിച്ചു.
പച്ചത്തുരുത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനത്തിന്റെ സാങ്കേതിക കാര്യങ്ങള്‍ എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ അസിസ്റ്റന്റ് മാനേജര്‍ പി.എം നന്ദകുമാര്‍ വിശദീകരിച്ചു.
യോഗത്തില്‍ വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക, വൈസ് പ്രസിഡന്റ് പി. നാസര്‍, മെമ്പര്‍മാരായ ഒ. അനിത, എ.കെ തോമസ്, ശിവദാസന്‍, പുഷ്പ രാജന്‍, ജാസര്‍ പാലയക്കല്‍, ശ്രീജ ജയപ്രകാശ്, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥരായ ഹരിത ഹരീഷ്, കെ.എം സ്വപ്ന തുടങ്ങിയവര്‍ സംസാരിച്ചു. നവകേരളം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.