ജില്ലാ പഞ്ചായത്ത് ജില്ലാ ആസൂത്രണ സമിതിയുടെയും കിലയുടേയും സഹകരണത്തോടെ നടത്തുന്ന സ്ത്രീ പദവി പഠനത്തിന്റെ രണ്ടാംഘട്ട പ്രവർത്തനമായ ജില്ലാ തല സർവ്വേ മുൻ എംപി പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ വിശിഷ്ടാതിഥിയായി. ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത് പദ്ധതി വിശദീകരിച്ചു.

കില അക്കാദമിക് ടീമിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടമായി ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിൽ നിന്നുമായി 246 പ്രതിനിധികളെ പങ്കെടുപ്പിച്ച് സ്ത്രീപദവി പഠനം ഏകദിന ശിൽപശാലകൾ സംഘടിപ്പിച്ചിരുന്നു. തുടർന്ന് അക്കാദമിക് പഠനസംഘം രൂപീകരിച്ച് പരിശീലനം നൽകി. 34 അംഗ അക്കാദമിക്ക് ടീം അംഗങ്ങൾക്ക് കിലയിൽ പരിശീലനം നൽകി. പരിശീലനം ലഭിച്ച അംഗങ്ങൾ തദ്ദേശ സ്ഥാപനങ്ങളിൽ ക്ലാസുകൾ നൽകി. നിലവിൽ ജില്ലയിൽ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. ഇതിന്റെ രണ്ടാം ഘട്ടമാണ് സർവ്വേ.

2023-24 വർഷത്തിൽ സ്ത്രീ പദവി പഠനത്തിന് 3.13 കോടി രൂപയുടെ പദ്ധതി ജില്ലയിൽ തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും കൂട്ടിയോജിപ്പിച്ച് സംയുക്ത പദ്ധതിയായി സ്ത്രീപദവി പഠനം നടത്തുന്നത്.

2023-24 വർഷം പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ, ജില്ലാതലത്തിൽ വിവരശേഖരണവും ഡാറ്റാ ക്രോഡീകരണവും അച്ചടിയുമാണ് ലക്ഷ്യമിടുന്നത്. ഇതിന്   ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തുകൾ 3.25 ലക്ഷം രൂപ വീതവും ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നാല് ലക്ഷം രൂപ വീതവും കണ്ണൂർ കോർപ്പറേഷൻ 6.25 ലക്ഷം രൂപയും വിനിയോഗിക്കും.

സർവ്വേയുടെ ഭാഗമായി ജനറൽ പ്രൊഫൈൽ സാമ്പിൾ കളക്ഷൻ, റാൻഡം സാമ്പിൾ കളക്ഷൻ എന്നീ രീതികളിലാണ് വിവരശേഖരണം നടത്തുക. ജനറൽ പ്രൊഫൈലിൽ 13, റാൻഡം സാമ്പിൾ ശേഖരണത്തിൽ 34 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് 18ന് വയസ്സിൽ മുകളിൽ പ്രായമുള്ള മുഴുവൻ സ്ത്രീകളിൽ നിന്നും ജനറൽ പ്രൊഫൈൽ ശേഖരണത്തിന് വിവരങ്ങൾ ശേഖരിക്കും. റാൻഡം കലക്ഷനിൽ മൂന്നിലൊന്ന് സ്ത്രീകളുടെ സാമ്പിളുകളാണ് ശേഖരിക്കുക. സർവ്വേ നടത്തുന്ന വുമൺ ഫെസിലിറ്റർമാർക്കുള്ള പരിശീലനം നൽകി കഴിഞ്ഞു.
ഗൂഗിൾ ഫോം വഴിയാണ് വിവര ശേഖരണം നടത്തുക. സെപ്റ്റംബർ 15ന് പൂർത്തീകരിക്കും. ഒക്ടോബർ മാസത്തോടെ പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഉദ്ഘാടന ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഷബീന, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെസി ജിഷ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രതിനിധി കെ പി രമണി, തദ്ദേശ സ്വയംഭരണം ഡെപ്യൂട്ടി ഡയറക്ടർ പി എം ധനീഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യുപി ശോഭ, മെംബർ എസ് കെ ആബിദ , സെക്രട്ടറി അബ്ദുൾ ലത്തീഫ്, വനിതാ ശിശു വികസന ഓഫീസർ ഡീന ഭരതൻ എന്നിവർ സംബന്ധിച്ചു.