കൃഷിയും വ്യവസായവും സംയോജിപ്പിച്ച് ഒരുമിച്ച് കൊണ്ട് പോകുന്നതിലൂടെ പ്രാദേശിക സുസ്ഥിര വികസനം സാധ്യമാകുമെന്ന് മുൻ മന്ത്രി വി. എസ് സുനിൽ കുമാർ പറഞ്ഞു. കൃഷിക്കൊപ്പം കളമശ്ശേരി കാർഷികോത്സവ വേദിയിൽ ” പ്രാദേശിക സുസ്ഥിര വികസനം ” എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷിക അധിഷ്ഠിത സംരംഭങ്ങൾ ഉയർന്നു വരുന്നതിലൂടെ കർഷകന് വരുമാനം കണ്ടെത്താൻ സാധിക്കും. മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിലൂടെ മാത്രമേ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കു. ഉത്പാദകരായ കർഷകരെ സംരംഭകരാക്കാൻ കഴിയുന്ന രീതിയിൽ പ്രവർത്തനങ്ങൾ ചെയ്യണം. പ്രാദേശിക വിഭവങ്ങൾ മൂല്യവർദ്ധിത വസ്തുക്കളാക്കി ദേശീയ അന്തർദേശീയ വിപണിയിൽ കിടപിടിക്കുന്ന രീതിയിൽ എത്തിച്ച് സുസ്ഥിരവികസനം സാധ്യമാകണമെന്ന് അദ്ദേഹം പറഞ്ഞു.
സെമിനാറിൽ സംഘാടന സമിതി ചെയർമാൻ വി. എം ശശി അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് അംഗം കെ. വി രവീന്ദ്രൻ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ , കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി.പി സിന്ധു,ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് രവീന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
നെൽ കർഷകർ അനുഭവം പങ്കുവെച്ചുകൊണ്ട് ” നെൽ കർഷകർക്ക് ഒപ്പം” എന്ന പേരിൽ രാവിലെ നടന്ന സെമിനാറിൽ മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനി മാനേജിംഗ് ഡയറക്ടർ ടി കെ ബാലകൃഷ്ണൻ വിഷയം അവതരിപ്പിച്ചു.
“യുവതക്കൊപ്പം കളമശ്ശേരി ” എന്ന വിഷയത്തിൽ ഉച്ചകഴിഞ്ഞ് നടന്ന സെമിനാറിൽ ചേർത്തലയിലെ യുവകർഷകൻ സുജിത്ത് വിഷായവതരണം നടത്തി. കൃഷിയിലേക്ക് വന്ന വഴിയും, കൃഷി ചെയ്യേണ്ട രീതിയും, വിവിധ കാർഷിക ഇനങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.