പള്ളിയാക്കൽ ബാങ്കിന്റെ കൈതകം പ്രീമിയം ബ്രാൻഡ് ഉത്പന്നങ്ങളുടെ ലോഞ്ചിങ് മുഖ്യമന്ത്രി പിണറായി വിജയൻ ബാങ്ക് പ്രസിഡന്റ് എ. സി ഷാനിൽ നിന്ന് കൺസ്യുമർ ഫെഡ് ചെയർമാൻ എം മെഹബൂബിനു നൽകി നിർവഹിച്ചു. പള്ളിയാക്കൽ ബാങ്ക് ഭരണാസമിതി അംഗങ്ങൾ, സെക്രട്ടറി വി വി സനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കൺസ്യുമർ ഫെഡിന്റെ സംസ്ഥാനത്തുടനീളമുള്ള ഔട്ട്ലെറ്റുകളിൽ ഇനിമുതൽ കൈതകം പ്രീമിയം ബ്രാൻഡ് പൊക്കാളി അരി ലഭ്യമാകും.

ബാങ്കിന്റെ കീഴിലുള്ള 500 എം ടി റൈസ് മിൽ സൈലോ സംഭരണ സംവിധാനം ഉപയോഗപ്പെടുത്തികൊണ്ട് കർഷകർക്ക് ഏറ്റവും നല്ല വില നൽകിയാണ് പൊക്കാളി അരി വിപണിയിലേക്ക് എത്തിക്കുന്നത്.വൈപ്പിൻ, എടവനക്കാട്, ഞാറക്കൽ, വരാപ്പുഴ, കോട്ടുവള്ളി എന്നീ പടശേഖരങ്ങളിൽ നിന്നും ഏഴിക്കരയിലെ മുഴുവൻ കർഷകരിൽ നിന്നും നെല്ലും ശേഖരിച്ചു. പൂർണമായും ജൈവ ഉത്പന്നമായ പൊക്കാളി അരിയിൽ കാർബോ ഹൈഡ്രേറ്റ്, കൊളസ്ട്രോൾ എന്നിവ മറ്റു അരികളെ അപേക്ഷിച്ച് ഏറ്റവും കുറവും, പ്രോട്ടീൻ, ഫൈബർ, ആന്റി ഓക്സിഡന്റ് എന്നിവ അടങ്ങിയിട്ടുണ്ട്.

മൂന്ന് ജില്ലകളിലായി 34 പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന പൊക്കാളി കൃഷി സംരക്ഷണത്തിനു വേണ്ടി വിവിധ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. 2000 എം ടി പ്രോസസ്സിംഗ് ക്യാപസിറ്റിയും 500 എം ടി സംഭരണ ശേഷിയും ആധുനിക സാങ്കേതിക മികവോടും കൂടിയുള്ള 6.5 കോടി നിർമ്മാണ ചിലവുള്ള ‘പൊക്കാളി റൈസ്മിൽ’ നിർമ്മാണം സംസ്ഥാന സഹകരണ വകുപ്പിന്റെയും നബാർഡിന്റെയും സഹായത്തോടെ പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.