സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ മീനങ്ങാടി പഞ്ചായത്തിലെ മൈലമ്പാടിയില്‍ പ്രവര്‍ത്തനം തുടങ്ങിയ കെ-സ്റ്റോറിന്റെ ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ നിര്‍വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ അധ്യക്ഷത വഹിച്ചു. മൈലമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന 38-ാം നമ്പര്‍ റേഷന്‍ കടയാണ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കെ-സ്റ്റോറായി പ്രവര്‍ത്തനം തുടങ്ങിയത്.
റേഷന്‍ കടകളുടെ വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കെ-സ്റ്റോര്‍ എന്ന ചുരുക്കപേരിലറിയപ്പെടുന്ന കേരള സ്റ്റോര്‍. റേഷന്‍ ഭക്ഷ്യധാന്യങ്ങളോടൊപ്പം സപ്ലൈകോ ശബരി ഉത്പ്പന്നങ്ങള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍, ഗ്യാസ്, ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ റേഷന്‍കടകള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് കെ-സ്റ്റോറിന്റെ ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു ശ്രീധര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ലതാ ശശി, ബീനാ വിജയന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ അനില്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ സി.വി സാബു തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സപ്ലൈ ഓഫീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.