മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിന് ജില്ലാപഞ്ചായത്ത് 50 സെന്റ് സ്ഥലം വിട്ടുനല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഇടുക്കി ജില്ലാ വികസന സമിതിയോഗത്തിലാണ് ജില്ലാ പഞ്ചായത്ത് തീരുമാനം സെക്രട്ടറി അറിയിച്ചത്.
ജില്ലാതല ഓണാഘോഷ പരിപാടി നടക്കുന്നതിനാലാണ് ആഗസ്റ്റ് മാസത്തെ വികസന സമിതി ഓണ്‍ലൈനായി ചേര്‍ന്നത്. യോഗത്തില്‍ പ്ലാന്‍ സ്‌കീമുകളുടെ ധനവിനിയോഗവുമായി ബന്ധപ്പെട്ട് നടത്തിയ അവലോകനത്തില്‍ ജില്ലയില്‍ പിന്നാക്കം നില്‍ക്കുന്ന വകുപ്പുകളോട് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 100 ശതമാനം ധനവിനിയോഗം നടത്തുന്നതിന് അടിയന്തര നടപടികളെടുക്കാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
പൊതുമരാമത്ത് നിരത്ത് വിഭാഗം ഏറ്റെടുത്ത് നടത്തുന്ന എല്ലാ പ്രവൃത്തികളും സമയബന്ധിതമായി തന്നെ ജില്ലയില്‍ പുരോഗമിക്കുന്നതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ഒക്ടോബര്‍ മൂന്നിന് എറണാകുളത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന മേഖല യോഗത്തില്‍ അവതരിപ്പിക്കുന്നതിന് ജില്ലാ, സംസ്ഥാന തലങ്ങളില്‍ തീര്‍പ്പാക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് എല്ലാ വകുപ്പ് തലവന്മാരും സെപ്റ്റംബര്‍ എട്ടിനകം വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന വര്‍ക്കിങ് മെന്‍സ് ആന്റ് വിമന്‍സ് ഹോസ്റ്റലിന് ജില്ലാ പഞ്ചായത്ത് വിട്ടുകൊടുക്കാനുദ്ദേശിക്കുന്ന സ്ഥലം പി.ഡബ്ല്യുഡി അധികൃതരുമൊത്ത് സന്ദര്‍ശിച്ചതായും ഉടന്‍ ഭൂമി കൈമാറുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് സെക്രട്ടറി യോഗത്തെ അറിയിച്ചു.
തടിയമ്പാട് ടൗണിലും അട്ടിക്കളം ഭാഗത്തും പാതയോരത്ത് അപകടകരമായി നിന്ന മരങ്ങള്‍ വെട്ടിമാറ്റിയതായി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കരുതലും കൈത്താങ്ങും അദാലത്തില്‍ ലഭിച്ച അപേക്ഷകളില്‍ ഇനിയും തീരുമാനമാകാത്തവയില്‍ എത്രയും വേഗം നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചതായി എഡിഎം അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാനങ്ങളുടെ മുന്നിലെ വാഹനത്തിരക്കും അമിത വേഗതയും നിയന്ത്രിക്കുന്നതിന് മോട്ടോര്‍വാഹന വകുപ്പ് പരിശോധനകള്‍ നടത്തുകയും പൊതുമരാമത്ത് വകുപ്പ് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കുകയും ചെയ്യും.
യോഗത്തില്‍ സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, എഡിഎം ഷൈജു പി ജേക്കബ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ദീപാ ചന്ദ്രന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.