വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി ജില്ലയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി പൊന്നോണം 2023 ന്റെ ഭാഗമായി മികച്ച രീതിയിൽ ദീപാലങ്കാരം നടത്തിയവർക്കുള്ള പുരസ്കാരം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു.

ഇത്തവണത്തെ ഓണം എല്ലാവരും സന്തോഷത്തോടെ ആഘോഷിച്ചുവെന്ന് മന്ത്രി പറഞ്ഞു. മനുഷ്യനെ മനുഷ്യനായി കാണാൻ സാധിക്കുന്ന മനസിനെ രൂപപ്പെടുത്തിയെടുക്കാൻ ഇത്തരം ആഘോഷങ്ങൾ എല്ലാ നിലയിലും സഹായിക്കും. ഇനിയും ഇത്തരം ആഘോഷങ്ങൾ കോഴിക്കോട് നടത്തുമെന്നും കഴിഞ്ഞ പുതുവർഷത്തിൽ മാനാഞ്ചിറയെ
ദീപാലംകൃതമാക്കി ലോക ശ്രദ്ധയാകർഷിച്ചത് പോലെ ഇത്തവണയും മാനാഞ്ചിറയെ
ദീപാലംകൃതമാക്കുമെന്ന് മന്ത്രി പറഞ്ഞു.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി, കോഴിക്കോട് കോർപ്പറേഷൻ, എസ്.എം സ്ട്രീറ്റിലെ ടോപ്ഫോം എന്നിവയാണ് ദീപാലങ്കാരത്തിൽ യഥാ ക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയത്. മികച്ച രീതിയിൽ ദീപാലങ്കാരം നടത്തിയ മറ്റു സ്ഥാപനങ്ങളെയും ലോഗോ ഡിസൈൻ ചെയ്ത മുബറിസ് ഹരീഫിനെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ പോലീസ് മേധാവി രാജ് പാൽ മീണ, എ.ഡി.എം സി മുഹമ്മദ്‌ റഫീഖ്, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് ചെയർമാനും ഓണാഘോഷം പോഗ്രാം കമ്മിറ്റി ചെയർമാനുമായ എസ്.കെ സജീഷ് എന്നിവർ സന്നിഹിതരായിരുന്നു.