കൊല്ലങ്കോടിനെ പ്ലാസ്റ്റിക് രഹിതമാക്കുക ലക്ഷ്യമിട്ട് പാലക്കാട് ഗവ പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ‘പ്ലാസ്റ്റിക് രഹിത കൊല്ലങ്കോട് ‘ പരിപാടിക്ക് തുടക്കമായി. സീതാർകുണ്ടിൽ നടന്ന പരിപാടി കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ പ്രദേശത്തെ പ്ലാസ്റ്റിക് ശേഖരണം, ടൂറിസ്റ്റ് സ്പോട്ടുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ, സഞ്ചാരികളെ ബോധവത്ക്കരിക്കൽ എന്നിവ നടത്തി. ഗ്രാമീണ ഭംഗി ആസ്വദിക്കാൻ ദിവസേന നിരവധി പേരാണ് കൊല്ലങ്കോട് എത്തുന്നത്. ഇത് മൂലം പ്രദേശം മലിനമാവാതെ സംരക്ഷിക്കുക ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ അധ്യക്ഷനായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എൻ.വി. ജിതേഷ്, ഗ്രാമപഞ്ചായത്ത് അംഗം കെ. ഷണ്മുഖൻ, അസോസിയേറ്റ് പ്രോഗ്രാം ഓഫീസർ കെ. സുധീർ, എം.എസ്. സുജിമോൾ, എസ്. ദിനേശ്, സി. സതീഷ് എന്നിവർ പങ്കെടുത്തു.