* ബഹിരാകാശ വാരാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
കാലാവസ്ഥ സംബന്ധ വിവരങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ വ്യക്തവും ലളിതവുമായി എത്തേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങളുടെ ഏകോപനത്തില്‍ ഐ.എസ്.ആര്‍.ഒയ്ക്ക് മുന്‍കൈയെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ലോക ബഹിരാകാശ വാരാചരണത്തിന്റെ ഉദ്ഘാടനം തുമ്പ വി.എസ്.എസ്.സിയില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരു ന്നു അദ്ദേഹം.
നിലവിലെ സാഹചര്യത്തില്‍ പ്രധാന മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ എത്തേണ്ടത് ആവശ്യമാണ്. ശാസ്ത്രീയമായ വിവരങ്ങള്‍ കൂടുതല്‍ കൃത്യതയോടെ മാധ്യമങ്ങള്‍ വഴി കൈമാറാന്‍ പരിശീലനങ്ങള്‍ വേണം.
ബഹിരാകാശ, ഭൗമതല സെന്‍സറുകളുടെ സഹായത്തോടെ ഐ.എസ്.ആര്‍.ഒ നല്‍കുന്ന സേവനത്തില്‍ ജനങ്ങള്‍ നന്ദിയുള്ളവരാണ്. സാറ്റലൈറ്റ് റിമോട്ട് സെന്‍സിംഗിലെ ഇന്ത്യയുടെ മേധാവിത്തം പരിഗണിച്ച് ചുഴലിക്കാറ്റ് മുന്നറിയിപ്പ്, ദുരന്ത നിവാരണം, രക്ഷാപ്രവര്‍ത്തന മേല്‍നോട്ടം, ദേശസുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങളുടെ പ്രതീക്ഷ വളരെയേറെയാണ്. ദുരന്തമേഖലകള്‍ മറ്റു സ്ഥലങ്ങളുമായുള്ള ബന്ധം വേര്‍പ്പെടുമ്പോള്‍ സാറ്റലൈറ്റ് അധിഷ്ഠിത റിമോട്ട് സെന്‍സിംഗ് പ്രധാന ആവശ്യമാണ്. മോശം കാലാവസ്ഥയിലും രാത്രിയിലും ഉപയോഗപ്രദമായ സാറ്റലൈറ്റ് അധിഷ്ഠിത മൈക്രോവേവ് റിമോട്ട് സെന്‍സിംഗ് സൗകര്യം ലഭ്യമാണെന്നത് ആഹ്‌ളാദകരമാണ്.
ശാസ്ത്രഗവേഷണങ്ങള്‍ സാധാരണ ജനങ്ങളില്‍നിന്ന് അകന്നുനിന്ന കാലം മാറി സമൂഹത്തിലേക്ക് അടുത്തത് ബഹിരാകാശ ഗവേഷണങ്ങളുടെ നേട്ടങ്ങള്‍ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തിയപ്പോഴാണ്.എന്നാ ല്‍, ചന്ദ്രയാനും മംഗള്‍യാനുമൊക്കെ വന്നുകഴിഞ്ഞിട്ടും ബഹിരാകാശ ശാസ്ത്ര ഗവേഷണങ്ങള്‍ സര്‍വകലാശാലകളിലേക്ക് വ്യാപിക്കുന്നില്ല എന്നതില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്നനിലയില്‍ ആശങ്കയുണ്ട്. ബഹിരാകാശ ഗവേഷണങ്ങളില്‍ സര്‍വകലാശാലകളുടെ പങ്ക് വര്‍ധിപ്പിക്കുന്ന കൂടുതല്‍ സൗകര്യപ്രദമായ നയങ്ങള്‍ വേണം. ഇക്കാര്യത്തില്‍ ഐ.എസ്.ആര്‍.ഒയ്ക്ക് ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനാകും.
ദേശീയ അഭിമാനങ്ങളായ ഐ.എസ്.ആര്‍.ഒ, എല്‍.പി.എസ്.സി തുടങ്ങിയവയുടെ പ്രാധാന്യം സമൂഹത്തിലെത്തിക്കാന്‍ ബഹിരാകാശ വാരാചരണം സഹായമാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഡയറക്ടര്‍ ഡോ. വി. നാരായണന്‍ അധ്യക്ഷത വഹിച്ചു. വി.എസ്.എസ്.സി ഡെപ്യൂട്ടി ഡയറക്ടര്‍ എ. ഷൂജ, ചീഫ് കണ്‍ട്രോളര്‍ ഡോ. ബിജു ജേക്കബ്, ഐ.ഐ.എസ്.യു ഡയറക്ടര്‍ ഡി. സാം ദയാലുദേവ് എന്നിവര്‍ സംസാരിച്ചു. വി.എസ്.എസ്.സി അസോസിയേറ്റ് ഡയറക്ടര്‍ വി. കിഷോര്‍നാഥ് സ്വാഗതവും ഗ്രൂപ്പ് ഡയറക്ടര്‍ എസ്.ആര്‍. വിജയമോഹനകുമാര്‍ നന്ദിയും പറഞ്ഞു. ഒക്‌ടോബര്‍ 10 വരെ വിവിധ പരിപാടികള്‍ വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.