ഖാദിയുടെ വിപണന സാധ്യത വർദ്ധിക്കുന്നു: മന്ത്രി കെ എൻ ബാലഗോപാൽ
ഖാദി ഉത്പന്നങ്ങളുടെ വിപണന സാധ്യത വർദ്ധിച്ചു വരുന്നുണ്ടെന്നും അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. നെടുമ്പന ഗ്രാമപഞ്ചായത്തിലെ പുലിയില ഖാദി ഉത്പാദന കേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൈത്തറി മേഖലയിൽ പുത്തൻ ട്രെൻഡുകളും മോഡലുകളും കൊണ്ടുവരേണ്ടത് അനിവാര്യമാണ്. സൗന്ദര്യമത്സരങ്ങളിലും ഫാഷൻ ഷോകളിലും ഖാദി ഉത്പന്നങ്ങളുടെ ആവശ്യകത ഉയർന്ന് വരികയുമാണ്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഖാദി മേഖലയുടെ സാധ്യത കൂടുതൽ പ്രയോജനപ്പെടുത്തണം. കൈത്തറി തൊഴിലാളികളുടെ ക്ഷേമത്തിനാവശ്യമായ പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.
50 ലക്ഷം രൂപ ചിലവഴിച്ചാണ് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ പുതിയ കെട്ടിടം സജ്ജീകരിച്ചിരിക്കുന്നത്.
പി സി വിഷ്ണുനാഥ് എം എൽ എ അധ്യക്ഷനായി. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഗിരിജകുമാരി,കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി കെ എ രതീഷ്, ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരൻ, നെടുമ്പന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി സുധാകരൻ നായർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഗൗരിപ്രിയ,കെ ഉണ്ണികൃഷ്ണൻ,ബിനുജ നാസറുദീൻ,ജിഷാ അനിൽ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.