അതിദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യം : മന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാനത്ത് അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടവർക്ക് കൈത്താങ്ങാകുന്ന പ്രവർത്തനങ്ങൾ സർക്കാർ ഉറപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. നെടുമ്പന ഗ്രാമപഞ്ചായത്തിൽ അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട കുളപ്പാടം മുടീച്ചിറയിലെ റിയാസിന് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനവും ഗൃഹപ്രവേശനകർമ്മവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് 64000 ത്തോളം കുടുംബങ്ങളാണ് അതിദാരിദ്ര്യ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവരുടെ ഉന്നമനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ആനുകൂല്യങ്ങൾ അർഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ രേഖകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഉറപ്പുവരുത്തും.

സാധാരണക്കാരായ ജനങ്ങൾക്ക് മികച്ച ജീവിതസാഹചര്യം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. വിവിധ പദ്ധതികളിലൂടെ വികസനത്തിൽ ഊന്നിയ ജനക്ഷേമ പ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നതെന്നും മന്ത്രി പറഞ്ഞു.

വാഹനാപകടത്തിൽ പെട്ട് അരയ്ക്ക് താഴോട്ട് തളർന്ന് നിരാലംബനായ റിയാസിനും ഭാര്യ ഷെമീനക്കും മൂന്നും, ആറും വയസ്സുള്ള അവരുടെ മക്കൾക്കും തണലായിമാറുകയാണ് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീട്.

നെടുമ്പന ഗ്രാമപഞ്ചായത്തിൽ 101 കുടുംബങ്ങളാണ് അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഭവനരഹിതരായ 17 കുടുംബങ്ങൾക്കുള്ള ഭവനനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വാസയോഗ്യമല്ലാത്ത വീടുകളുള്ള 11 കുടുംബങ്ങൾക്ക് വീട് പുനരുദ്ധാരണം നടക്കുകയുമാണ്.

പി സി വിഷ്ണുനാഥ് എം എൽ എ അധ്യക്ഷനായി. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഉണ്ണികൃഷ്ണൻ, നാസറുദ്ദീൻ,ബിനുജ വാർഡ് അംഗങ്ങളായ ആരിഫ സജീവ്, വി എസ് അജിത, ആസൂത്രണ സമിതി വൈസ് ചെയർമാൻ എസ് നാസറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.