കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി കുട്ടികളുടെ രോഗ നിര്‍ണയത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പരിപാടിയായ ബാലമിത്ര 2.0 നടത്തിപ്പ് സംബന്ധമായ വിലയിരുത്തലിന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു. സെപ്തംബര്‍ 20 മുതല്‍ നവംബര്‍ 30 വരെയാണ് പരിപാടി.
രോഗം തുടക്കത്തില്‍ കണ്ടത്തി അംഗവൈകല്യം ഒഴിവാക്കുകയാണ് മുഖ്യലക്ഷ്യം. കുട്ടികള്‍ക്ക് ഔഷധചികിത്സ, രോഗബാധയിലും വൈകല്യം ഇല്ലാത്ത അവസ്ഥ നിലനിര്‍ത്തുക എന്നിവയും ലക്ഷ്യമാക്കുന്നു. എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും സ്‌കൂളുകളില്‍നിന്ന് തിരഞ്ഞെടുക്കുന്ന നോഡല്‍ അധ്യാപകര്‍ക്കും കുഷ്ഠരോഗത്തെ കുറിച്ച് പരിശീലനവും ബോധവത്ക്കരണവും നല്‍കും.
രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകരെത്തി പരിശോധിച്ച് തുടര്‍ന്നുള്ള ചികിത്സയും ഉറപ്പുവരുത്തും. കുടുംബാംഗങ്ങളെയും പരിശോധിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വനിത ശിശുവികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് തുടങ്ങിയവയുമായുള്ള ഏകോപിത പ്രവര്‍ത്തനങ്ങളിലൂടെയാണ് ക്യാമ്പയിന്‍ നടത്തുന്നത് എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിനു കെ എസ് അറിയിച്ചു.