അടാട്ട് ഗ്രാമപഞ്ചായത്ത് 2023-24 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തെരുവ് നായകളിൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പും പേവിഷബാധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പുറനാട്ടുകര മൃഗാശുപത്രിയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ നിർവഹിച്ചു. പുറനാട്ടുകരാ ഡിസ്‌പെൻസറി വെറ്ററിനറി സർജൻ രഞ്ജിനി പ്രദീപ്‌ ക്ലാസ് നയിച്ചു.

സെപ്റ്റംബർ 14, 15 തീയതികളിലാണ് പഞ്ചായത്തിനു കീഴിലുള്ള തെരുവ് നായകളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുന്നത്. പദ്ധതിക്കായി 60,000 രൂപയാണ് പഞ്ചായത്ത് ചെലവാക്കുന്നത്. രണ്ട് ഡോഗ് കാച്ചർമാരും നാല് അസിസ്റ്റന്റ് മാരും അടങ്ങുന്ന സംഘമാണ് എല്ലാ വാർഡുകളിലും എത്തി പ്രതിരോധ കുത്തിവെപ്പ് നൽകുക. ആദ്യദിനത്തിൽ 60 തെരുവ് നായകളെ പിടിച്ച് പ്രതിരോധ കുത്തിവെപ്പ് നൽകി.

പരിപാടിയിൽ വൈസ് പ്രസിഡന്റ് ഉഷ ശ്രീനിവാസൻ അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീഷ്മ അഭിലാഷ്, അജിത കൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിപിൻ, മറ്റ് ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.