സംസ്ഥാന സർക്കാർ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കേശമുനി- ഭൂമിയാംകുളം റോഡിന്റെ നിർമ്മാണോദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. അടിസ്ഥാന വികസന രംഗത്ത് ജില്ല അഭൂതപൂർവ്വമായ വളർച്ചയാണ് കൈവരിച്ചിരിക്കുന്നതെന്നും ജില്ല വികസന പാതയിൽ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഓരോ വർഷം കഴിയും തോറും നമ്മുടെ നാടിന്റെ സൗകര്യങ്ങൾ വർധിച്ച് വരികയാണ്. ഇത് നാടിന്റെ പുരോഗതിയിൽ പ്രധാനമാണ്. ആരോഗ്യ രംഗത്ത് വലിയ മാറ്റം ജില്ലയിൽ ഉണ്ടായി.
മെഡിക്കൽ കോളേജിൽ ഈ വർഷം 100 വിദ്യാർഥികൾ പ്രവേശനം നേടും. സി.ടി സ്കാൻ, കാത്ത്ലാബ് തുടങ്ങി നിരവധി സൗകര്യങ്ങളാണ് മെഡിക്കൽ കോളേജിൽ ഒരുക്കുന്നത്.

സർക്കാർ നഴ്സിംഗ് കോളേജ്, മെഡിക്കൽ കോളേജ് ജീവനക്കാർക്ക് ക്വാട്ടേഴ്സ്, ഇറിഗേഷൻ ടൂറിസത്തിന്റെ ഭാഗമായി മ്യൂസിയം, ചരിത്ര മ്യൂസിയം, മൾട്ടി പ്ലക്സ് തീയറ്റർ തുടങ്ങി നിരവധി പദ്ധതികളാണ് ജില്ലയിൽ നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലയിലെ പട്ടയ ഭൂപ്രശ്നങൾ പരിഹരിക്കാനാണ് നിയമ ഭേദഗതി ബിൽ അവതരിപ്പിച്ചത്. നിരന്തര ഇടപെടലുകളെ തുടർന്നാണ് നിയമ നിർമ്മാണം സാധ്യമായത്. നിയമ നിർമ്മാണത്തിലൂടെ 2023 വരെയുള്ള പട്ടയഭൂമിയിലെ എല്ലാ നിർമിതികളും ഔദ്യോഗികമായി ക്രമവത്കരിക്കാൻ സാധിക്കുമെന്നും മന്ത്രി ചൂണ്ടികാട്ടി. ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന
ഭൂമിയാംകുളം – കേശമുനി റോഡിന്റെ നിർമ്മാണത്തിന് 2 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോർജ് പോൾ യോഗത്തിൽ അധ്യക്ഷത വഹിച്ചു.