കടമക്കുടി ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ യാത്രാക്ലേശത്തിന് പരിഹാരമായി പുതിയ ബസ്. ബസിൻ്റെ സർവ്വീസ് ഫ്‌ളാഗ് ഓഫ് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവഹിച്ചു. എംഎല്‍എ യുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 21 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്.
പൊതുയാത്രാ സൗകര്യങ്ങള്‍ പരിമിതമായ കടമക്കുടിയില്‍ സ്‌കൂള്‍ ബസ് എത്തിയതോടെ വിദ്യാര്‍ത്ഥികളെ കാലങ്ങളായി വലച്ച യാത്രാക്ലേശത്തിനു പരിഹാരമാകുകയാണെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു. അഞ്ചു കിലോമീറ്റര്‍ വരെ നടന്നു യാത്ര ചെയ്യേണ്ടിവരുന്ന കുട്ടികള്‍ക്കു സ്‌കൂള്‍ ബസ് ഗുണകരമാകും. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്രമായി 250 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.
സ്‌കൂൾ കെട്ടിടത്തിനായി ഒരു കോടി രൂപയുടെ കിഫ്‌ബി ഫണ്ടുപയോഗിക്കുന്നതു സംബന്ധിച്ച് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. സ്‌കൂൾ ലൈബ്രറിക്ക് മുപ്പതിനായിരം രൂപയുടെ പുസ്‌തകങ്ങൾ ലഭ്യമാക്കുമെന്നും എംഎൽഎ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ പി വിപിൻരാജ്, സ്ഥിരംസമിതി അധ്യക്ഷരായ വി എ ബെഞ്ചമിൻ, ജെയ്‌നി സെബാസ്റ്റ്യൻ, സജിനി ജ്യോതിഷ്, ബ്ലോക്ക് അംഗം മനു ശങ്കർ, വാർഡ് അംഗങ്ങളായ പ്രബിൻ കോമളൻ, ലിസമ്മ, ഹെഡ്‌മിസ്ട്രസ് ഷർമിള ടോമി, വി എച്ച് എസ് എസ് പ്രിൻസിപ്പൽ എസ് സിന്ധു, എച്ച് എസ് എസ് പ്രിൻസിപ്പൽ കെ ആർ സുരേഷ്, പി ടി എ പ്രസിഡന്റ് എം എ മുരളി, പൊതുപ്രവർത്തകരായ ടി കെ വിജയൻ, അലക്‌സ് ആട്ടുള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.