അനന്തപുരം വ്യവസായ പാര്‍ക്കിലെ 13 വ്യവസായ സ്ഥാപനങ്ങള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് 13 വ്യവസായ സ്ഥാപനങ്ങള്‍ ഒരുദിവസം ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും കാസര്‍കോട് ജില്ലയുടെ വ്യവസായ മുന്നേറ്റത്തിന്റെ പ്രഖ്യാപനമാണിതെന്നും സംസ്ഥാന വ്യവസായ, കയര്‍, നിയമവകുപ്പ് മന്ത്രി പി. രാജീവ്. അനന്തപുരം വ്യവസായ പാര്‍ക്കിലെ 13 വ്യവസായ സ്ഥാപനങ്ങളുടെ ഉദ്ഘാടനവും ചുറ്റുമതില്‍ സമര്‍പ്പണവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോടിന്റെ വ്യവസായ മുന്നേറ്റത്തിന്റെ പ്രഖ്യാപനമാണിത്. കേരളത്തിന്റെ പുറത്ത് നിന്നും വ്യവസായികള്‍ കേരളത്തിലേക്ക് നിക്ഷേപവുമായി വന്നുകൊണ്ടിരിക്കുകയാണ്. ഗുജറാത്തിലെയും കര്‍ണ്ണാടകയിലെയും പൂനെയിലെയും വ്യവസായികളുടെ സ്ഥാപനങ്ങളടക്കം പതിമൂന്ന് സ്ഥാപനങ്ങളുടെ ഉദ്ഘാടനമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ജില്ലയ്ക്ക് ഇനിയും വ്യവസായ രംഗത്ത് ഒരുപാട് സാധ്യതകളുണ്ട്. രാജ്യത്തെ മികച്ച പത്ത് വ്യവസായ പാര്‍ക്കുകളില്‍ അഞ്ചു വ്യവസായ പാര്‍ക്കുകള്‍ കിന്‍ഫ്രയുടേതാണെന്നും മന്ത്രി പറഞ്ഞു. എ.കെ.എം.അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.സി.സി.പി.എല്‍ ചെയര്‍മാന്‍ ടി.വി.രാജേഷ്, പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബ്ബണ്ണ ആല്‍വ, പുത്തിഗെ ഗ്രാമപഞ്ചായത്ത് അംഗം ജനാര്‍ദ്ദന പൂജാരി, കാസര്‍കോട് കെ.എസ്.എസ്.ഐ.എ പ്രസിഡണ്ട് എസ്.രാജാറാം, കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ.എസ്.സഹിത എന്നിവര്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത് കുമാര്‍ സ്വാഗതവും പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു.

ടെസ്ല എനര്‍ജി, ലൈഫ് ഗാര്‍ഡ് റൂഫിംഗ് എന്റര്‍പ്രൈസ്, ഗോള്‍ഡ് സ്റ്റാര്‍, അഹാന കോര്‍, ബി.ബി.സി ഡ്യൂറോ, വല്ലിക്കാട്ട് എഞ്ചിനീയറിംഗ്, വുഡ്‌ലുക്ക് ജോയ്‌നെര്‍സ്, കൊച്ചിന്‍ ഷെല്‍ പ്രൊഡക്റ്റ്‌സ്, അവര്‍ ഓണ്‍ റെഡി മിക്‌സ്, എ.എം.കെ സ്റ്റീല്‍സ് ആന്റ് ട്യൂബ്‌സ് എ.എല്‍.പി, സ്റ്റാര്‍ വുഡ് ഫര്‍ണ്ണീച്ചര്‍, എം.കെ. ഫര്‍ണ്ണീച്ചര്‍, എക്‌സ്‌പേര്‍ട്ട് ആഗ്രോ ട്രേഡിംഗ് എന്നീ സ്ഥാപനങ്ങളാണ് ഉദ്ഘാടനം ചെയ്തത്.