ലഹരി സമൂഹത്തിനും വ്യക്തികള്‍ക്കും ദോഷമാണെന്ന തിരിച്ചറിവ് ഓരോ വ്യക്തിയിലും ഉണ്ടാകണമെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ പിന്നാക്ക ക്ഷേമ, പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ചേലക്കര നിയോജക മണ്ഡലത്തില്‍ ലഹരിക്കെതിരായ ഏകദിന ബോധവത്ക്കരണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ലഹരിക്കെതിരെ ശക്തമായ ബോധവല്‍ക്കരണത്തിലൂടെ സമൂഹത്തില്‍ മാറ്റം വരുത്താന്‍ കഴിയണം. അത് വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തിലെത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
കുടുംബ ഭദ്രതയ്ക്കും സാമ്പത്തിക നേട്ടത്തിനും തടസ്സം നില്‍ക്കുന്ന ലഹരിയെ കൂട്ടായി പ്രതിരോധിക്കണം. സര്‍ക്കാര്‍ തലത്തിലും ലഹരിക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എക്‌സൈസ് വകുപ്പും ത്രിതല പഞ്ചായത്തും ഇതിനെ നേരിടാന്‍ ശക്തമായി പ്രവൃത്തിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലഹരിക്കെതിരായ ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തിലാണ് ചേലക്കര നിയോജക മണ്ഡലത്തില്‍ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്. ചേലക്കര ജാനകിറാം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ തൃശ്ശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എസ് ഷാനവാസ് അധ്യക്ഷനായി. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി തങ്കമ്മ, ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ എസ് നായര്‍, ജില്ലാ പഞ്ചായത്തംഗം കെ ആര്‍ മായ, ചേലക്കര ഗ്രാമപഞ്ചായത്തംഗം ടി ഗോപാലകൃഷ്ണന്‍, വിമുക്തി മാനേജര്‍ കെ എസ് സുരേഷ്, വടക്കാഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിഗീഷ് എ ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലഹരി ഉപയോഗം സൃഷ്ടിക്കുന്ന സാമൂഹിക, മാനസിക പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. സെബിന്ത് കുമാര്‍ ക്ലാസ് എടുത്തു.