· സ്വച്ഛ് സർവേഷൻ;ജില്ലാതല ശിൽപശാലയും നടന്നു

ആലപ്പുഴ: രാജ്യത്തെ നഗരങ്ങളുടെ ശുചിത്വ നിലവാരം പരിശോധിക്കുന്നതിനും ഉയർത്തുന്നതിനും കേന്ദ്ര പാർപ്പിട- നഗരകാര്യ മന്ത്രാലയം നടത്തുന്ന ശുചിത്വ പരിശോധന സർവ്വേയായ സ്വച്ഛ് സർവ്വേക്ഷൺ- 2019 ന്റെ തയ്യാറെടുപ്പിന്റെ ഭാഗമായുള്ള ജില്ലതല ശില്പശാല കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ചടങ്ങിൽ
വെളിയിട വിസർജ്യ മുക്തം (ഒ.ഡി.എഫ്) അംഗീകാരം ലഭിച്ച ആലപ്പുഴ, ചേർത്തല, ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂർ നഗരസഭകൾക്കുളള സ്വച്ഛതാ സർട്ടിഫിക്കറ്റ് പൊതുമരാമത്ത് രജസിട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ വിതരണം ചെയ്തു. ആലപ്പുഴ നഗരസഭ ചെയർമാൻ തോമസ് ജോസഫ്, ചെങ്ങന്നൂർ നഗരസഭാ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, ഹരിപ്പാട് നഗരസഭ ചെയർപേഴ്‌സൺ വിജയമ്മ പുന്നൂർമഠം, ചേർത്തല നഗരസഭ വൈസ് ചെയർപേഴ്‌സൺ ശ്രീലേഖ നായർ, മാവേലിക്കര നഗരസഭ സെക്രട്ടറി ബിനു.ജി എന്നിവർ ഒ.ഡി.എഫ് സ്വച്ഛത സർട്ടിഫിക്കറ്റ് മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. ചേർത്തല നഗരസഭ ഇത് രണ്ടാം തവണയാണ് ഒ.ഡി.എഫ് സർട്ടിഫിക്കറ്റ് നേടുന്നത്. സംസ്ഥാന ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ഷാജി ക്ലമന്റ് സ്വച്ഛ് സർവ്വേക്ഷൺ 2019 സംബന്ധിച്ച് ക്ലാസ് നയിച്ചു. ജനുവരി ആദ്യവാരത്തോടെ നടക്കുന്ന സർവ്വേയിൽ മികച്ച റാങ്ക് ലഭിക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെ മികച്ച രീതിയിലുള്ള ശുചിത്വ-മാലിന്യ പരിപാലന പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന് ശിൽപ്പശാല നിർദ്ദേശിച്ചു. ജനങ്ങൾക്ക് നഗരസഭയുടെ ശുചിത്വ-മാലിന്യ പരിപാലനം സംബന്ധിച്ച് ഓൺലൈൻ സംവിധാനത്തിൽ സിറ്റിസൺ ഫീഡ്ബാക്ക് രേഖപ്പെടുത്താനും അവസരം ഉണ്ട്. കൂടാതെ നടത്തുന്ന പ്രവർത്തനങ്ങൾ സ്വച്ഛ് മഞ്ച് എന്ന വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യണം. നഗരസഭ ചെയർപേഴ്‌സൺമാർ, നഗരസഭ സെക്രട്ടറിമാർ, നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, മറ്റ് ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു. ശുചിത്വമിഷൻ ജില്ല കോർഡിനേറ്റർ ബിൻസ് സി.തോമസ് സ്വാഗതവും ശുചിത്വ മിഷൻ അസിസ്റ്റന്റ് ജില്ല കോർഡിനേറ്റർ കെ.പി. ലോറൻസ് നന്ദിയും പറഞ്ഞു.