സ്‌കോളർഷിപ്പ് വിതരണം ചെയ്തു

തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുഖ്യപരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ  മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പിന്റെയും ലാപ്ടോപ്പ് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഏറ്റവും കൂടുതൽ ക്ഷേമനിധി ബോർഡുകൾ പ്രവർത്തിക്കുന്നത് കേരളത്തിലാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം അവരുടെ ക്ഷേമ ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിനും മുഖ്യ പരിഗണനയാണ് കേരളത്തിലെ സർക്കാർ നൽകുന്നത്. തൊഴിലാളികളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനു വേണ്ടി അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർ നിരവധിയായ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്  അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, ക്ഷേമം ഉറപ്പുവരുത്തുന്നതിനും കഴിയുന്നത്ര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന്  മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

തൊഴിലാളികളുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമം കൂടി സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. വിവിധ ക്ഷേമനിധികളിൽ അംഗങ്ങളായുട്ടുള്ളവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് പുറമെ അവരുടെ കുടുംബങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ, സാംസ്‌കാരിക വളർച്ചയെക്കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള പരിപാടികളാണ് സർക്കാർ ആവിഷ്‌കരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.എസ്. സുനിൽ കുമാർ, വാർഡ് കൗൺസിലർ പാളയം രാജൻ,  കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർമാരായ വി.വി. ആന്റണി,  ബാബു ജോർജ്ജ്, കെ.കെ രാധാകൃഷ്ണൻ, കെ.ബി പത്മദാസ്, എസ്. ജയകുമാരൻ നായർ, കെ.റ്റി മഹേഷ് കുമാർ, ചീഫ് വെൽഫയർ ഫണ്ട് ഇൻസ്‌പെക്ടർ ബിച്ചുബാലൻ, മറ്റ് ബോർഡ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.