പാലക്കാട് ജില്ലാ കലക്ട്രേറ്റിൽ പഞ്ചിംഗ് സംവിധാനം ഒക്ടോബർ 15 മുതൽ ആരംഭിക്കുമെന്ന് എ.ഡി.എം. ടി. വിജയൻ പറഞ്ഞു. കലക്ടർ, എ.ഡി.എം, തുടങ്ങി മുഴുവൻ ഉദ്യോഗസ്ഥരും പഞ്ചിംഗ് ചെയ്യുന്നുണ്ട്. കലക്ട്രേറ്റിലെ വിവിധ സെക്ഷനുകളിലാണ് ആദ്യഘട്ടത്തിൽ പഞ്ചിംഗ് ഏർപ്പെടുത്തുന്നത്. ജീവനക്കാരുടെ ഡേറ്റകൾ പഞ്ചിങ് മെഷീനുമായി ബന്ധിപ്പിക്കുന്ന നടപടികൾ പുരോഗമിച്ചു വരികയാണ്. കലക്ട്രേറ്റിലെ ഡാറ്റാ സെന്ററിനാണ് ഇതിന്റെ ചുമതല. ഇതിനോടകം 193 ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ബന്ധിപ്പിച്ചിട്ടുണ്ട്. കലക്ട്രേറ്റിൽ 210 ലധികം ഉദ്യോഗസ്ഥർ ഉണ്ട്. ആധാർ കാർഡ്, ഫോട്ടോ എന്നിവയുപയോഗിച്ചാണ് പഞ്ചിങ് മെഷീനുമായി ബന്ധിപ്പിക്കുന്നത്. ഇപ്പോൾ രണ്ടു മെഷീൻ ഉപയോഗിച്ച് കലക്ട്രേറ്റിൽ പഞ്ചിങ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്. അഞ്ചു മെഷീനുകൾ കൂടി ആവശ്യപ്പെട്ട് ഓർഡർ നൽകിയിട്ടുണ്ട്.
സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിനാൽ ജീവനക്കാർ ഓഫീസിൽ വരുമ്പോഴും പോകുമ്പോഴും കൃത്യമായി പഞ്ചിങ് ചെയ്യണമെന്നുണ്ട്. ഇൻ പഞ്ച് രേഖപ്പെടുത്തി മൂന്നു മണിക്കൂറിനകം ഔട്ട് പഞ്ച് രേഖപ്പെടുത്താനാവില്ല. മാസത്തിൽ 180 മിനുട്ട് ഗ്രേസ് ടൈം അനുവദിച്ചിട്ടുണ്ട്. ഗ്രേസ് ടൈം പരിധി അവസാനിച്ചു കഴിഞ്ഞാൽ 3 തവണ താമസിച്ച് പഞ്ച് ചെയ്യുന്നതോ( ലേറ്റ് എൻട്രി) അല്ലെങ്കിൽ 3 നേരത്തെ പോകുന്നതോ( ഏർലി എക്‌സിറ്റ്) ഒരു കാഷ്യൽ ലീവായി പരിഗണിക്കും. രാവിലെ 10 മുതൽ 5വരെ ഏഴുമണിക്കൂറാണ് കലക്ട്രേറ്റിലെ ജോലി സമയം. ദിവസ വേതനം, കരാർ,താത്ക്കാലിക ജീവനക്കാർ എന്നിവർക്ക് പഞ്ചിങ് ചെയ്യേണ്ടതില്ല. ഓഫീസ് മേലധികാരികൾക്കാണ് ഇവരുടെ ഹാജർ പരിശോധിക്കാനുള്ള ചുമതല. സിവിൽ സ്റ്റേഷൻ സമുച്ചയത്തിലെ ജില്ലാ ഓഫീസുകളിൽ പഞ്ചിങ് സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള ചുമതല അതത് വകുപ്പുകൾക്കാണ്. കോടതിയിലും 58 ലധികം ജില്ലാ ഓഫീസുകളിലുമായി 3500 ലധികം ജീവനക്കാർ സിവിൽ സ്റ്റേഷൻ സ്റ്റേഷനിലും പരിസരത്തുള്ള ഓഫീസുകളിലും ജോലി ചെയ്യുന്നുണ്ട്.
ജില്ലയിലെ താലൂക്കുകളിലും ആർ.ഡി.ഒ ഓഫീസിലും നവംബർ 15 ഓടെ പഞ്ചിങ് സംവിധാനം ഏർപ്പെടുത്തും.ഡിസംബർ 15നകം മുഴുവൻ വില്ലേജുകളിലും പഞ്ചിങ് ഏർപ്പെടുത്തും.