ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രങ്ങള്‍ ജൈവവൈവിധ്യങ്ങളുടെ അറിവ് നല്‍കുന്നതിനൊപ്പം അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യം കൂടിയാണ് ബോധ്യപ്പെടുത്തുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ . പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യ സവിശേഷതകളെ പരിചയപ്പെടുത്തി അടിമാലി ഗവ.ഹൈസ്‌കൂളിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുള്ള ‘നീലക്കുറിഞ്ഞി’ ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രകൃതിയെയും ജൈവവൈവിധ്യ സമ്പത്തിനെ കുറിച്ചും കൂടുതല്‍ ധാരണയുണ്ടാക്കാന്‍ ഉതകുന്ന തരത്തിലാണ് ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. അതീവഗുരുതര വംശനാശഭീഷണി നേരിടുന്ന മുന്നൂറിലധികം ജീവജാലങ്ങളുടെ അഭയകേന്ദ്രമാണ് പശ്ചിമഘട്ടം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യ സമ്പത്ത് സംരക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം. അപൂര്‍വ്വമായ നിരവധി ജീവജാലങ്ങളുടെ ഈറ്റില്ലമാണ് പശ്ചിമഘട്ടം. ജില്ലയിലെ പട്ടയ-ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിയമഭേദഗതിയിലൂടെ കഴിഞ്ഞു. ചെറുതും വലുതുമായ നിര്‍മ്മിതികള്‍ നിയമഭേദഗതിയിലൂടെ ക്രമവത്കരിക്കാന്‍ സാധിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ-ആരോഗ്യ-ടൂറിസം മേഖലകളിലടക്കം ജില്ല വികസന രംഗത്ത് മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.
അടിമാലി ഗവ.ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ടി.എന്‍ സീമ പദ്ധതി വിശദീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍. വിജയ നീലക്കുറിഞ്ഞി ബ്രോഷര്‍ പ്രകാശനം ചെയ്തു. ജൈവവൈവിധ്യ കേന്ദ്രത്തിന്റെ ആശയവും രൂപകല്പനയും നിര്‍വഹിച്ച ഡോ.സുജിത്തിനെയും കൈലാഷിനെയും യോഗത്തില്‍ മന്ത്രി ആദരിച്ചു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സോളി ജീസസ്, സി.ഡി ഷാജി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ചാണ്ടി പി അലക്‌സാണ്ടര്‍, കെ.എം ഷാജി, ഷാജി കോയിക്കക്കുടി, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ തമ്പി ജോര്‍ജ്ജ്, പിടിഎ പ്രസിഡന്റ് അശോക് കെ.എ, അടിമാലി ഗവ.ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് സിന്ധു സി.കെ, നവകേരളം ജില്ലാ കോര്‍ഡജിനേറ്റര്‍ എസ്. രഞ്ജിനി എന്നിവര്‍ സന്നിഹിതരായി.