ജില്ലയിലെ ആദ്യ ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് മന്ത്രി നാടിന് സമർപ്പിക്കും

മുഖം മിനുക്കിയ ചാവക്കാട് ബീച്ചിന് കൂടുതൽ ചന്തമേകുന്ന ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് ഒക്ടോബർ ഒന്നിന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ജനങ്ങൾക്ക് തുറന്ന് നൽകും. തീരദേശ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ചാവക്കാട് ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് തയ്യാറാക്കിയത്.

എൻ.കെ അക്ബർ എംഎൽഎയുടെ ശ്രമഫലമായാണ് ചാവക്കാട് ബീച്ചിൽ ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് നിർമ്മിക്കാൻ അനുമതി ലഭിച്ചത്. നൂറ് മീറ്റർ നീളത്തിലുള്ള ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ഇനി വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാം. ഒരേ സമയം നൂറ് പേർക്ക് ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജിൽ പ്രവേശിക്കാം.

വിശ്വപ്രസിദ്ധമായ ഗുരുപവനപുരിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് ചാവക്കാട് ബീച്ച്. തൃശ്ശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെത്തുന്ന കടല്‍ തീരം കൂടിയാണ് ചാവക്കാട്. തീര്‍ത്ഥാടകര്‍ക്കും ഏറേ പ്രിയപ്പെട്ട സഞ്ചാര മേഖല കൂടിയാണിത്. തീരദേശ ടൂറിസത്തിന് വലിയൊരു മുതൽ കൂട്ടാകാൻ ഫ്ലോട്ടിങ്ങ് ബ്രിഡ്ജിലൂടെ കഴിയും.