സംഘാടക സമിതി രൂപീകരിച്ചു
കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ ഫോർ ബോയ്സിൽ ഒക്ടോബർ 16 മുതൽ 20 വരെ നടക്കുന്ന
അറുപത്തിയഞ്ചാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ മികച്ച നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. യോഗം ദേവസ്വം പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ പാർലമെന്ററികാര്യ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കായിക രംഗത്ത് സംസ്ഥാനത്ത് അറിയപ്പെടുന്ന കേന്ദ്രമായി കുന്നംകുളം മാറിയെന്നും സംസ്ഥാന സ്കൂൾ കായികോത്സവം ചരിത്ര സംഭവമായി മാറ്റാൻ കുന്നംകുളത്തിന് കഴിയുമെന്നും മന്ത്രി പറഞ്ഞു.
അക്കാദമിക് എഡിപിഐ എം.കെ ഷൈൻ മോൻ സംഘാടക സമിതി ഘടന യോഗത്തിൽ അവതരിപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി. ശിവൻ കുട്ടി, കെ. രാധാകൃഷ്ണൻ, ഡോ. ആർ. ബിന്ദു, കെ. രാജൻ, വി. അബ്ദു റഹ്മാൻ, പ്രതിക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ മുഖ്യ രക്ഷാധികാരികളായും എം.പിമാർ തൃശ്ശൂർ ജില്ലയിലെ എം.എൽ.എമാർ കോർപ്പറേഷൻ മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ വകുപ്പ് മേലാധികാരികൾ രക്ഷാധികാരികളായും കമ്മിറ്റി രൂപീകരിച്ചു.
എ.സി മൊയ്തീൻ എം.എൽ.എ സംഘാടക സമിതി ചെയർമാനും പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പ്രസിഡന്റായും അക്കാദമിക് എ.ഡി.പി.ഐ എം.കെ ഷൈൻ മോൻ വൈസ് പ്രസിഡന്റായും യോഗം തെരഞ്ഞെടുത്തു. കായിക മേളയുടെ മികച്ച നടത്തിപ്പിന് 17 സബ്ബ് കമ്മിറ്റിക്ക് യോഗം രൂപം നൽകി.
സംഘാടക സമിതി രൂപീകരണ യോഗത്തിനുശേഷം എ.സി മൊയ്തീൻ എം.എൽ.എയുടെ നേതൃത്വത്തിൽ കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, വിവിധ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം കായിക വേദിയായ സീനിയർ സ്കൂൾ ഗ്രൗണ്ട് സന്ദർശിച്ചു.
കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഫോർ ബോയ്സ് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗത്തിൽ എ.സി മൊയ്തീൻ എം.എൽ.എ അധ്യക്ഷനായി. ഇ.ടി ടൈസൺ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, തൃശൂർ ഡി.ഡി.ഇ.ഡി ഷാജി മോൻ പഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡ് കൗൺസിലർ ബിജു സി. ബേബി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കായിക വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.
20 വർഷത്തെ ഇടവേളയ്ക്ക് ശേഷം തൃശ്ശൂർ ജില്ലയിൽ നടക്കുന്ന കായികോത്സവത്തിൽ 98 ഇനങ്ങളിലായി സബ്ബ് ജൂനിയർ, ജൂനിയർ, സീനിയർ (ആൺ/പെൺ) വിഭാഗങ്ങളിലായി 3000ത്തോളം കായികതാരങ്ങളും, 350 ഓഫീഷ്യൽസും 200 എസ്കോർട്ടിംഗ് ഒഫീഷ്യൽസും പങ്കെടുക്കും.