ജില്ലയിൽ ഏഴ് ആയുഷ് ഹെൽത്ത് ആന്റ് വെൽനസ്സ് സെൻ്ററുകൾ എൻ എ ബി എച്ച് നിലവാരത്തിലേക്ക്. മീനങ്ങാടി, തെണ്ടർനാട്, വെള്ളമുണ്ട, എടവക, തരിയോട്, സുൽത്താൻ ബത്തേരി, മൂപ്പൈനാട് പഞ്ചായത്തിലെ സ്ഥാപനങ്ങളാണ് എൻ എ ബി എച്ച് നിലവാരത്തിലേക്കുയരുക. ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള നാല് ഹെൽത്ത് ആന്റ് വെൽനസ്സ് സെൻ്ററും ഹോമിയോപ്പതി വകുപ്പിനു കീഴിലുള്ള മൂന്ന് സ്ഥാപനങ്ങളുമാണ്.

നാഷണൽ ആയുഷ് മിഷൻ്റെ സഹായത്തോടെ സെപ്റ്റംബർ 26, 27 തിയതികളിൽ എൻ എ ബി എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗം ഹെൽത്ത് ആന്റ് വെൽനസ്സ് സെൻ്ററുകളിൽ ചേരും . യോഗ പരിശീലനം, യോഗ ചികിത്സയുടെ സാധ്യതകളെ തിരിച്ചറിഞ്ഞ് സമൂഹത്തിലെ താഴെക്കിടയിലുള്ള ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനുള്ള പരിശീലന പദ്ധതികളും സെന്ററുകളിൽ നടപ്പാക്കുന്നുണ്ട്.

ആയുഷ് ചികിത്സാരീതികളിലൂടെ പ്രാഥമിക പ്രതിരോധത്തിനുള്ള സാധ്യതകൾ നടപ്പിലാക്കുന്നതിനു വേണ്ടി ആശവർക്കർമാർക്ക് പരിശീലന പരിപാടികളും നൽകുന്നുണ്ട്. കൂടാതെ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് നാഷണൽ ആയുഷ് മിഷനിലൂടെ കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർമാർക്ക് ലാപടോപ്പ്, ആശമാർക്ക് ടാബ്, മൾട്ടിപർപ്പസ് വർക്കർ എന്നിവ നൽകിയിട്ടുണ്ട്.

ആയുഷ് ഹെൽത്ത് & വെൽനസ്സ് സെൻ്ററിലെ ആശവർക്കർമാരിലൂടെ സമൂഹത്തിലെ പൊതുവായ ആരോഗ്യ പ്രശ്നങ്ങളെ മനസ്സിലാക്കുന്നതിനുള്ള പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. ജീവിതശൈലിരോഗങ്ങളുടെ പ്രതിരോധം, കൗമാരക്കാരുടെ ആരോഗ്യ സംരക്ഷണം, വയോജന ആരോഗ്യ സംരക്ഷണം, പ്രത്യുൽപാദന ആരോഗ്യ സംരക്ഷണം എന്നീ മേഖലയിലാണ് ആയുഷ് ഹെൽത്ത് ആന്റ് വെൽനസ്സ് സെൻ്ററുകൾ ഊന്നൽ നൽകുന്നത്.