സംസ്ഥാന ക്ഷീരവികസന വകുപ്പ് ശ്രീകൃഷ്ണപുരം ക്ഷീര വികസന യൂണിറ്റിന്റെ നേതൃത്വത്തില്‍ കാറല്‍മണ്ണ എന്‍.എന്‍.എന്‍.എം.യു.പി സ്‌കൂളില്‍ ആരംഭിച്ച സ്റ്റുഡന്റ്‌സ് ഡയറി ക്ലബ്ബ് പി. മമ്മിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളില്‍ ക്ഷീര കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷീര പരിപാലനം പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ക്ലബ്ബുകള്‍ ആരംഭിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട പുതുതലമുറയ്ക്ക് ക്ഷീരമേഖലയെ പരിചയപ്പെടുത്തുന്നതിനും താല്‍പര്യം വളര്‍ത്തുന്നതിനുമായി ക്ഷീരവികസനവകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് സ്റ്റുഡന്റ്‌സ് ഡയറി ക്ലബ്ബ്. പാലക്കാട് ജില്ലയില്‍ 2023-24 സാമ്പത്തിക വര്‍ഷം പദ്ധതി നടപ്പാക്കുന്നതിനായി തെരഞ്ഞെടുത്തത് കാറല്‍മണ്ണ എന്‍.എന്‍.എന്‍.എം.യു.പി. സ്‌കൂളിനെയാണ്.

പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പശുപരിപാലനം, പാല്‍ ഉത്പന്ന നിര്‍മ്മാണം എന്നീ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ഉതകുന്ന ക്ലാസുകള്‍ നല്‍കുകയും ക്ഷീരമേഖലയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുകയും ചെയ്യും. കാറല്‍മണ്ണ എന്‍.എന്‍.എന്‍.എം.യു.പി. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ അധ്യക്ഷനായി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.