വാക്കുപാലിച്ച് റവന്യൂ മന്ത്രി

പരസഹായമില്ലാതെ ജോലിക്ക് പോകുന്ന എൽദോസിന്റെ ദീർഘകാലത്തെ ആഗ്രഹം പൂവണിയുന്നു. ജന്മനാ ശാരീരിക വെല്ലുവിളികൾ നേരിടുന്ന മാടക്കത്തറ സ്വദേശിയായ എൽദോസ് ഷാജുവിന്റെ മുന്നോട്ടുള്ള ജീവിതത്തിന് തൃശൂരിൽ നടന്ന താലൂക്ക് തല അദാലത്താണ് തുണയായത്. അദാലത്തിൽ തന്റെ വിഷമങ്ങളും ആവശ്യങ്ങളുമെല്ലാം റവന്യു വകുപ്പ് മന്ത്രി കെ. രാജനോട് പറഞ്ഞപ്പോൾ ഉടനെ തന്നെ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജയോട് സ്ഥിതി വിലയിരുത്തി പുതിയ ഒരെണ്ണം അനുവദിക്കുവാൻ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ജീവിത സാഹചര്യങ്ങളും ശാരീരിക വെല്ലുവിളികളെയും അതിജീവിച്ച് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടുമുട്ടിക്കാൻ കഷ്ടപ്പെടുന്ന എൽദോസിന് മന്ത്രി നൽകിയ വാക്കുപാലിച്ചു.മുചക്ര വാഹനം മന്ത്രി എൽദോസിന് കൈമാറി.

മടക്കത്തറ പഞ്ചായത്തിലെ വട്ടുംപുറത്ത് വീട്ടിൽ ഷാജിയുടെയും ഷെർലിയുടെയും മൂത്ത മകനാണ് 27 വയസുകാരനായ എൽദോസ് ഷാജി.സ്വന്തം കാലിൽ നിൽക്കുക എന്ന ആഗ്രഹത്തോടെ തന്റെ ശാരീരിക വെല്ലുവിളികൾ എല്ലാം അതിജീവിച്ച് ഒരു സ്വകാര്യ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുകയാണ് എൽദോസ് ഷാജി.ഐടിഐ പഠിക്കുന്ന അനിയനും നഴ്സിംഗ് വിദ്യാർഥിയായ അനിയത്തിയും അടങ്ങുന്നതാണ് എൽദോസിന്റെ കുടുംബം. അച്ഛൻ കൃഷി ചെയ്താണ് കുടുംബം നോക്കുന്നത്. അച്ഛന്റെ കഷ്ടപ്പാടും വീട്ടിലെ അവസ്ഥയും കൊണ്ടാണ് ഡിഗ്രി പഠനത്തിനു ശേഷം എൽദോസ് ജോലിക്ക് കയറിയത്.

വാഹനം കിട്ടിയതിൽ സന്തോഷമുണ്ടെന്നും തന്റെ ഏറെനാളത്തെ ഒരു ആവശ്യമാണ്‌ നടന്നതെന്നും എൽദോസ് പറഞ്ഞു.പുതിയ വാഹനത്തിൽ തന്നെ യാത്ര ചെയ്ത് എൽദോസ് മന്ത്രിയ്ക്കും കലക്ടർക്കും നന്ദി പറഞ്ഞു.

മലബാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ ഒരു ലക്ഷം രൂപയുടെ വാഹനമാണ് മന്ത്രി എൽദോസിന് കൈമാറിയത്. മലബാർ ഗോൾഡ് തൃശൂർ ഷോറൂം ഹെഡ് കെ പി അനിൽകുമാർ, ഡെപ്യൂട്ടി ഷോറൂം ഹെഡ് കെ കെ ഷബീർ , മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.