ലളിതവും സാധാരണക്കാര്‍ക്ക് കൂടി മനസ്സിലാകുന്നതുമായ ഭാഷാപ്രയോഗമാണ് ഔദ്യോഗികതലത്തില്‍ വേണ്ടതെന്ന് സര്‍ക്കാരിന്റെ മലയാളഭാഷാ വിദഗ്ധന്‍ ഡോ ശിവകുമാര്‍. കലക്‌ട്രേറ്റില്‍ ചേര്‍ന്ന ഔദ്യോഗികഭാഷ ജില്ലാതല ഏകോപനസമിതി യോഗത്തിലാണ് വ്യക്തമാക്കിയത്. മലയാളം ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നതിലെ പുരോഗതി വിലയിരുത്തി. വിവിധ വകുപ്പ് മേധാവികള്‍ അതത് കാര്യാലയങ്ങളിലെ ഭാഷാഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ കൈമാറി. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പരമാവധി മലയാളം ഉപയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശമാണ് ഉയര്‍ന്നത്.

നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ ഭരണഭാഷാ വാരാചരണം നടത്തും. വിവിധമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഓരോ വകുപ്പിനും നിര്‍ദേശം നല്‍കും. ഭാഷപരമായ സംശയങ്ങള്‍ക്ക് ശിവകുമാര്‍ മറുപടി നല്‍കി. യോഗത്തില്‍ എ ഡി എം, വിവിധ വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.