സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തീവ്ര ശുചീകരണ യജ്ഞത്തിൽ മുഴുവൻ ജനങ്ങളുടെയും ഇടപെടൽ ഉണ്ടാവണമെന്ന് ജില്ലാ വികസന സമിതി യോഗം. ഒക്ടോബർ രണ്ട് മുതൽ നടപ്പാക്കുന്ന തീവ്രശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 18 ഇന കർമ്മ പരിപാടികൾക്കാണ് ജില്ലയിൽ രൂപം നൽകിയത്.

കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ഗൈനക്കോളജി ഡോക്ടർമാരെ എത്രയും പെട്ടന്ന് നിയമിക്കണമെന്നും പ്രസവത്തിനുള്ള സൗകര്യം ഒരുക്കണമെന്നും കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ.എ ആവശ്യപ്പെട്ടു. അടിയന്തിരമായി നടപടി സ്വീകരിക്കുമെന്ന് ഡിഎംഒ (ആരോഗ്യം) അറിയിച്ചു. എൻഎച്ച്എം വഴി ഒരു ഡോക്ടറെ കൂടുതലായി നിയമിക്കുമെന്ന് ഡിപിഎം അറിയിച്ചു. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നത് മൂലം തകർന്ന റോഡുകൾ പുനർനിർമ്മിക്കുന്ന കാര്യവും വേഗത്തിലാക്കണമെന്ന് എം.എൽ.എ യോഗത്തെ അറിയിച്ചു.കുന്ദമംഗലം മണ്ഡലത്തിലെ ജലജീവൻമിഷൻ പദ്ധതിയുടെ പൈപ്പിടൽ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് പി.ടി.എ റഹീം എം.എൽ.എ ആവശ്യപ്പെട്ടു. വേങ്ങേരി മഠം-ചെട്ടിക്കടവ്-പെരിങ്ങോട് റോഡ്, ചാത്തമംഗലം-വെള്ളാനൂർ റോഡ് എന്നിടങ്ങളിൽ പ്രവൃത്തി പുരോഗമിക്കുകയാണെന്ന് ജല അതോറിറ്റി എക്‌സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.

ദേശീയ ആരോഗ്യദൗത്യത്തിന്റെ ഫണ്ട് ഉപയോഗിച്ച് ചെറുവാടി സി.എച്ച്.സിയിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബർ 23 നകം നടത്തണമെന്ന് ലിന്റോ ജോസഫ് എം.എൽ.എ പറഞ്ഞു. മുക്കം ഐസൊലേഷൻ വാർഡ് പ്രവൃത്തി നവംബർ 30നുള്ളിൽ പൂർത്തീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ യോഗത്തെ അറിയിച്ചു.ലോകനാർകാവിൽ ടൂറിസം വകുപ്പ് യുഎൽസിസിഎസ് മുഖേന നടപ്പിലാക്കുന്ന നാലര കോടിയുടെ പദ്ധതി പൂർത്തീകരിച്ച് ഉദ്ഘാടന സജ്ജമായതായി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഇവിടെ കിഫ്ബി കെഐഐഡിസി മുഖേന നടപ്പിലാക്കുന്ന 3.78 കോടിയുടെ പദ്ധതിയിലെ മ്യൂസിയം ഒഴികെയുള്ള ഘടകങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.

എം.എൽ.എമാരായ കെ.പി കുഞ്ഞമ്മദ് കുട്ടി, പി.ടി.എ റഹീം എന്നിവർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും ലിന്റോ ജോസഫ്, കെ.കെ രമ എന്നിവർ ഓൺലൈനായും പങ്കെടുത്തു. എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിങ് ഓഫീസർ ഏലിയാമ്മ നൈനാൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.