കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ വില്ലേജില്‍ വനഭൂമിക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് 500 കുടുംബങ്ങള്‍ക്ക് ഉടന്‍ പട്ടയം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടന്ന മേഖലാ അവലോകന യോഗത്തില്‍ തീരുമാനം.

കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ വില്ലേജിലെ കല്ലേലിമേട്, മണികണ്ഠന്‍ ചാല്‍ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് ഭൂമിക്ക് പട്ടയം നല്‍കാനാണ് തീരുമാനമായത്.

ഭൂമി തരം മാറ്റല്‍ അപേക്ഷകളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അപേക്ഷകള്‍ പരിഹരിക്കുന്നതിന്റെ കാലതാമസം ഒഴിവാക്കാന്‍ സ്‌പെഷ്യല്‍ ഓഫീസുകള്‍ ആരംഭിക്കാനും തീരുമാനിച്ചു. ഭൂമി മാറ്റത്തിനുള്ള ഫാറം 5 അപേക്ഷകളില്‍ നിലവില്‍ കൃഷി ഓഫീസര്‍മാരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആര്‍.ഡി.ഒമാരാണ് തീരുമാനമെടുക്കുന്നത്. അപേക്ഷകളില്‍ പരിശോധന നടത്തി തീരുമാനം എടുക്കുന്നതിന് പ്രാദേശിക തല നിരീക്ഷണ സമിതിക്ക് നല്‍കി ചട്ടത്തില്‍ ഭേദഗതി വരുത്തും.

ആലുവ താലൂക്കിലെ മലയാറ്റൂര്‍ വില്ലേജില്‍ ഇല്ലിത്തോട് കൂട്ടുകൃഷി സംബന്ധിച്ച് വനം വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ച് 75 കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. ഇതിനായി വകുപ്പുമായി സംയുക്ത പരിശോധന നടത്തും. ചീഫ് സെക്രട്ടറി തലത്തില്‍ യോഗം ചേരും.

തീരദേശ മേഖലയിലെ കടലാക്രമണം പ്രതിരോധിക്കുന്നതിനായുള്ള ടെട്രാപോട് പദ്ധതി രണ്ടാം ഘട്ടം നിര്‍മ്മാണം വേഗത്തിലാക്കും. പുത്തന്‍ തോട് മുതല്‍ സി എം എസ് ബ്രിഡ്ജ് ബസ് സ്റ്റോപ്പ് വരെയുള്ള 4.5 കിലോമീറ്റര്‍ ദൂരത്തിലാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കിഫ്ബി അനുമതി ലഭിച്ചാല്‍ ഉടന്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും.

എറണാകുളം ജില്ലയുടെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജില്ലാ മജിസ്‌ട്രേറ്റിന്റെ അപേക്ഷ പ്രകാരം ക്രമസമാധാന പരിപാലനത്തിനായി സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ ജില്ലയില്‍ നിയമിക്കും.

സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, വൈറ്റില മൊബിലിറ്റി ഹബ് വികസനം, എറണാകുളം മറൈന്‍ഡ്രൈവ് വികസനം എന്നിവയുടെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് യോഗത്തില്‍ നിര്‍ദേശം നല്‍കി. വൈറ്റില മൊബിലിറ്റി ഹബ് വികസനത്തിന് ചീഫ് സെക്രട്ടറിതല യോഗം ചേരും. മന്ത്രി പി.രാജീവാണ് യോഗത്തില്‍ ഈ വിഷയങ്ങള്‍ ഉന്നയിച്ചത്.