വയനാട് ചുരത്തില്‍ കുന്നുകൂടുന്ന മാലിന്യ നിക്ഷേപത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മേഖല അവലോകന യോ​ഗത്തിൽ തദ്ദേശം സ്വയംഭരണവകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലാ ഭരണകൂടം എന്നിവര്‍ ഇതില്‍ കൂടുതല്‍ ശ്രദ്ധനല്‍കണം. ചുരത്തില്‍ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്നും പിഴ ഈടാക്കണം. ആവശ്യമെങ്കില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം. ചുരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ പുതുപ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിവരുന്നതായും കുറ്റക്കാരില്‍ നിന്നും പിഴ ഈടാക്കുന്നതായും കോഴിക്കോട് ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു. ചുരത്തില്‍ ഹരിത ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുന്നതും ഗുണകരമാണെന്ന് നിര്‍ദ്ദേശം ഉയര്‍ന്നു. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു.

മാലിന്യസംസ്‌കരണം നാടിന്റെ പ്രധാന ഉത്തരവാദിത്തമായ കാലഘട്ടത്തില്‍ ജില്ലാ ഭരണകൂടം മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ജാഗ്രത പുലര്‍ത്തണം. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ഇവയുടെ നിര്‍വ്വഹണം ജില്ലാ കളക്ടര്‍ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളില്‍ മാലിന്യ സംസ്‌കരണത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ഹരിത ചട്ടങ്ങള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കണം.

ടേക്ക് എ ബ്രേക്ക് സംവിധാനങ്ങളും കാര്യക്ഷമമായി നടപ്പാക്കണം. വയനാട് പോലുള്ള വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന ജില്ലകളില്‍ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പദ്ധതികള്‍ ജില്ലാ ഭരണകൂടം തയ്യാറാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണത്തിനുള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഹരിതകേരളത്തില്‍ കബനിക്കായി തുടങ്ങിയ തനത് പദ്ധതികള്‍ ജില്ലയില്‍ മുന്നേറുന്നുണ്ടെന്ന്് ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ്ബാബു യോഗത്തെ അറിയിച്ചു.