സമഗ്ര ശിക്ഷാ കേരളയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ അട്ടപ്പാടിയിലെ ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ ഫിലിം ക്ലബ്ബുകള്‍ വരുന്നു. കുട്ടികളില്‍ ഭാഷാവികാസവും സാഹിത്യ-സര്‍ഗാത്മക മേഖലകളില്‍ താത്പര്യം വര്‍ധിപ്പിക്കുകയുമാണ് ഫിലിം ക്ലബ്ബുകളുടെ ലക്ഷ്യം.

സ്‌കൂളുകളില്‍ ഫിലിം ക്ലബ്ബ് ഉദ്ഘാടനത്തോടനുബന്ധിച്ച് സിനിമാപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും. പ്രദര്‍ശിപ്പിച്ച സിനിമയുടെ നിരൂപണം, ആസ്വാദനം എന്നിവ കുട്ടികള്‍ തയ്യാറാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് ബ്ലോക്ക് തലത്തില്‍ ശില്‍പശാലയും സംഘടിപ്പിക്കും.

ഫിലിം ക്ലബിന്റെ സ്‌കൂള്‍തല ഉദ്ഘാടനം മട്ടത്തുക്കാട് ഗവ. ട്രൈബല്‍ ഹൈസ്‌കൂളില്‍ ഹ്രസ്വ ചിത്ര-പരസ്യചിത്ര സംവിധായകന്‍ ഷിഹാസ് ഷാഹുല്‍ നിര്‍വഹിച്ചു. സഹസംവിധായകന്‍ മിഥുന്‍ മുരളി, ഗോത്ര നടന്‍ വി. മരുതന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. അഗളി ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.ടി. ഭക്തഗിരീഷ്, ട്രെയിനര്‍ എം. നാഗരാജ്, ഹെഡ്മാസ്റ്റര്‍ എസ്. മതിവാണന്‍, സീനിയര്‍ അധ്യാപകന്‍ എല്‍. കന്തസ്വാമി, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ എം.സെഡ് നിഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.