കേരളത്തെ സിനിമ നിർമാണ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് കീഴിലെ കൈരളി, ശ്രീ തിയേറ്റർ സമുച്ചയത്തിൽ ഒരുക്കിയ ‘വേദി’ ഓഡിറ്റോറിയം ആൻഡ് കോൺഫറൻസ് റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ പ്രകൃതിരമണിയതയുടെ പത്ത് ശതമാനം പോലും സിനിമാ നിർമ്മാണത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നില്ല. തിരുവനന്തപുരത്തും കൊച്ചിയിലും ആധുനികമായി ഏത് സിനിമ വേണമെങ്കിലും ചിത്രീകരിക്കാവുന്ന തരത്തിൽ പ്രൊഡക്ഷൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.ചിത്രാഞ്ജലി സ്റ്റുഡിയോ 150 കോടി രൂപയ്ക്കാണ് നവീകരിക്കുന്നത്. അതിന്റെ ആദ്യ ഘട്ട നിർമ്മാണം ആരംഭിച്ചു. കേരളത്തിൽ നിർമ്മിക്കുന്ന സിനിമകൾ മാത്രമല്ല ഇന്ത്യക്ക് പുറത്തേയും സിനിമ കേരളത്തിൽ പ്രൊഡക്ഷൻ ചെയ്യാനുള്ള തരത്തിൽ കേരളത്തെ മാറ്റിയെടുക്കണം. അതിനുള്ള എല്ലാ സാഹചര്യവും നമുക്കുണ്ട്. മാത്രമല്ല കലാകാരന്മാരെ സംരക്ഷിക്കാൻ കഴിയുന്ന തരത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സിനിമയെ ഒരു വ്യവസായമായി കാണുന്ന തരത്തിൽ ഒരു സിനിമാ നയം തന്നെ സർക്കാർ തയ്യാറാക്കിക്കൊണ്ടിരിക്കിയാണ്. നമ്മുടെ സിനിമാ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. സിനിമ രംഗത്ത് പ്രവർത്തിക്കാൻ താൽപര്യപ്പെട്ട് വരുന്ന എല്ലാവരെയും അതിൽ പങ്കാളികളാക്കുന്ന തരത്തിലും എല്ലാവരെയും സംരക്ഷിക്കുന്ന തരത്തിലുമുള്ള നയമാണ് സർക്കാർ രൂപീകരിക്കുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആ മേഖലയുമായി ബന്ധപ്പെട്ടവരോട് നേരിട്ട് സംവദിക്കാൻ ഉദ്ദേശിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷനായി. 1170 ചതുരശ്ര അടി ഏരിയയിൽ 100 പേർക്ക് ഇരിക്കാവുന്ന രീതിയിൽ പ്രൊജക്ഷൻ സൗകര്യങ്ങളോടു കൂടിയാണ് വേദി ഓഡിറ്റോറിയം സജ്ജീകരിച്ചിട്ടുള്ളത്. ഓഡിറ്റോറിയത്തോട് ചേർന്ന് 300 ചതുരശ്ര അടിയിൽ പരാമവധി 20 പേർക്ക് വരെ യോഗം ചേരാവുന്ന രീതിയിലാണ് കോൺഫറൻസ് റൂം നിർമ്മിച്ചിട്ടുള്ളത്. അനുബന്ധമായി ടോയിലറ്റ് സൗകര്യങ്ങളും ഈ സമുച്ചയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, ജനപ്രതിനിധികൾ, രാഷ്ട്രീയ- സാംസ്‌കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു