മാലിന്യ മുക്തം നവകേരളം കർമ്മ പദ്ധതിയുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ മറീന കൺവെൻഷൻ സെന്ററിൽ നടന്ന മേഖലാതല അവലോകന യോഗത്തിൽ വിലയിരുത്തി.
പദ്ധതി ആരംഭിച്ച ശേഷം ജില്ലയിൽ അനധികൃത മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് വ്യാപകമായ പരിശോധനയും നടപടികളുമാണ് സ്വീകരിച്ചു വരുന്നത്. 454 കേസുകളിലായി 56 ലക്ഷം രൂപ പിഴ ഈടാക്കി. പൊതുസ്ഥലങ്ങളിൽ കണ്ടെത്തിയ 582 മാലിന്യ കൂമ്പാരങ്ങളിൽ 575 എണ്ണം നീക്കം ചെയ്തു. മാലിന്യ നിക്ഷേപം തടയുന്നതിന് പിഴ ഈടാക്കുന്നതിൽ സംസ്ഥാനത്തെ തന്നെ മികച്ച ജില്ലയാണ് കോഴിക്കോട് എന്ന് വിലയിരുത്തി.
ജില്ലയിൽ ആകെ 1106 മിനി എം.സി.എഫുകളാണ് ( മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) നിലവിലുള്ളത്. അതിൽ 125 എണ്ണം പുതിയതായി സ്ഥാപിച്ചവയാണ്. 99 എംസിഎഫും ജില്ലയിൽ പ്രവർത്തിക്കുന്നു. എട്ട് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി(ആർ.ആർ.എഫ്)കൾ നിലവിൽ ജില്ലയിലുണ്ട്. 2896 ഹരിതകർമ്മ സേനയും നിലവിലുണ്ട്. ഇതിൽ 213 എണ്ണം പുതിയതായി തുടങ്ങിയതാണ്.
മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നടന്ന ശുചീകരണ പ്രവർത്തികളിൽ 6600ഓളം ഇടങ്ങളാണ് ജില്ലയിൽ ശുചീകരിച്ചത്. ശുചീകരണത്തിൽ ഒന്നരലക്ഷത്തോളം ആളുകൾ പങ്കാളികളായി.
ജില്ലയിൽ കൂടുതൽ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മെഡിക്കൽ കോളേജിലെ മലിനജല സംസ്ക്കരണ പ്ലാന്റ് വ്യാഴാഴ്ച നാടിന് സമർപ്പിക്കും. സരോവരം, കോതി, ആവിക്കൽത്തോട് എന്നിവിടങ്ങളിൽ എസ് ടി പി സ്ഥാപിക്കുന്നത് പരിഗണനയിലുണ്ട്. താമരശ്ശേരി, മേപ്പയൂർ, മുക്കം എന്നിവിടങ്ങളിലും എഫ് എസ് ടി പിക്ക് പ്രോജക്ട് വച്ചിട്ടുണ്ട്. താമരശ്ശേരി ചുരത്തിലെ മാലിന്യ നിക്ഷേപം തടയുന്നതിന് ആവശ്യമായ നടപടികൾ ഊർജ്ജിതമാക്കുമെന്ന് ജില്ലാ കലക്ടർ എ ഗീത അറിയിച്ചു.