ഒക്ടോബർ 9 മുതൽ 14 വരെ നടത്തുന്ന മിഷൻ ഇന്ദ്രധനുഷ് 5.0 പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായി മെഡിക്കൽ ഓഫീസർ ഡോ കെ കെ രാജാറാം അറിയിച്ചു.
ജില്ലയിൽ ആരോഗ്യ സ്ഥാപനങ്ങൾ, സബ് സെന്ററുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലായി ഒരാഴ്ചക്കുള്ളിൽ 1100 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നൽകുന്നത്. അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്കും, ഗർഭിണികൾക്കും കുത്തിവെപ്പ് നൽകും .
കുത്തിവെപ്പുകൾ എടുക്കാത്തതും ചില ഡോസുകൾ മാത്രം എടുത്തു കൊണ്ട് ഭാഗികമായി കുത്തിവെപ്പെടുത്തവരുമായ അഞ്ച് വയസ്സിന് താഴെയുള്ള 7834 കുട്ടികൾക്കും 1319 ഗർഭിണികൾക്കുമാണ് ഈ ഘട്ടത്തിൽ കുത്തിവെപ്പുകൾ നൽകുന്നത്.
പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാത്തത് മൂലം ജില്ലയിലെ ചില ഭാഗങ്ങളിൽ അഞ്ചാം പനി പോലെയുള്ള അസുഖങ്ങൾ റിപ്പോർട്ട് ചെയ്തതതും അതിനെ തുടർന്ന് മരണമടക്കമുള്ള ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതും തടയാൻ സമയബന്ധിതമായി പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിലൂടെ സാധിക്കുമെന്ന് ഡി എം ഒ പറഞ്ഞു.