ചേലക്കര നിയോജക മണ്ഡലത്തിലെ തിരുവില്വാമല – കൊണ്ടാഴി പഞ്ചായത്ത് നിവാസികളുടെ ചിരകാല സ്വപ്നമായ കൊണ്ടാഴി കുത്താമ്പുള്ളി പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു.മന്ത്രി കെ രാധാകൃഷ്ണന്‍ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഉദയന്‍ അധ്യക്ഷത വഹിച്ചു.

മന്ത്രി കെ രാധാകൃഷ്ണന്റെ ശ്രമഫലമായാണ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33.14 കോടി രൂപ (സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ) പലത്തിനായി വകയിരുത്തിയത്. 182 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമാണ് പാലത്തിനുണ്ടാവുക. ഭൂമിയേറ്റടുത്തതിന്റെ നഷ്ടപരിഹാരത്തുകയായ 6.27 കോടി രൂപ നേരത്തെ കൈമാറിയിരുന്നു. 18 മാസമാണ് നിര്‍മ്മാണ കാലാവധി. പ്രധാനപാലത്തിനു പുറമെ കുത്താമ്പുള്ളി അനുബന്ധ റോഡില്‍ പാടം വരുന്ന ഭാഗത്ത് പാലം, ഇറിഗേഷന്‍ കനാല്‍ വരുന്ന ഭാഗത്ത് ഒരു മൈനര്‍ ബ്രിഡ്ജ് എന്നിവയും, പാലത്തിന്റെ അപ്രോച്ച് റോഡും നിര്‍മ്മിക്കും. കോഴിക്കോടുള്ള ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മ്മാണ കരാര്‍.

രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍, കരാര്‍ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.