മൂന്ന് തദ്ദേശസ്ഥാപന പരിധിയില്‍ ഉള്‍പ്പെട്ട പേഴുങ്കര പാലത്തിന് സമീപം പാതയോരത്ത് പൂന്തോട്ടം സജ്ജീകരിച്ചു. ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നവകേരളം മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്, പാലക്കാട് നഗരസഭ, പിരായിരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പാലത്തിന്റെ വശങ്ങളില്‍ സ്‌നേഹാരാമം എന്ന പേരില്‍ പൂന്തോട്ടം സജ്ജീകരിച്ചിരിക്കുന്നത്.
മൂന്ന് തദ്ദേശസ്ഥാപനങ്ങളും ‘സ്നേഹാരാമം’ എന്ന പദ്ധതിയിലുള്‍പ്പെടുത്തി പ്രദേശത്തെ എന്‍.എസ്.എസ് യൂണിറ്റ് മുഖേന ഇതിന്റെ പരിപാലനം നിര്‍വഹിക്കും. ജില്ലാ കലക്ടറുടെ മുന്നറിയിപ്പും ജനപ്രതിനിധികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നിരന്തര നിരീക്ഷണവുമുണ്ടായിട്ടും പ്രദേശത്ത് മാലിന്യ നിക്ഷേപം പതിവായ സാഹചര്യത്തിലാണ് പി.ആര്‍.ഡി ഫണ്ടില്‍ പ്രദേശത്ത് പൂന്തോട്ടം ഒരുങ്ങുന്നത്.
പിരായിരി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പേഴുങ്കര പാലത്തിന് സമീപം പാതയോരത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനം പുതുപ്പരിയാരം, പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ആര്‍ ബിന്ദു, എ.എഫ് ഷെറീന ബഷീര്‍, പാലക്കാട് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സ്മിതേഷ്, എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു.
പേഴുങ്കര പ്രദേശത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും സൗന്ദര്യവത്കരണം നടത്തിയ ഇവിടെ മാലിന്യം വലിച്ചെറിയരുതെന്നും പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ബിന്ദു പറഞ്ഞു.
നാളെ മുതല്‍ ഇവിടെ മാലിന്യം വലിച്ചെറിയാന്‍ എത്തുന്നവര്‍ക്ക് അതിന് തോന്നാത്ത രീതിയിലേക്ക് ഈ പൂന്തോട്ടം എത്തണമെന്ന് പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എഫ് ഷെറീന ബഷീര്‍ പറഞ്ഞു. വളരെ മോശമായും മാലിന്യം കുമിഞ്ഞു കൂടിയ അവസ്ഥയിലുമുണ്ടായിരുന്ന സ്ഥലം പൂന്തോട്ടമൊരുക്കാനായി വൃത്തിയാക്കിയ ഹരിതകര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തിയെ പ്രസിഡന്റ് അഭിനന്ദിച്ചു.
മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്നുണ്ടെന്നും ജനങ്ങള്‍ യൂസര്‍ ഫീ കൊടുക്കാന്‍ തയ്യാറാവുന്നുണ്ടെന്നും പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മാലിന്യ നിക്ഷേപം നടക്കരുതെന്ന തോന്നല്‍ പൊതുസമൂഹത്തിന് ഉണ്ടാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
നിരീക്ഷണം കര്‍ശനമാക്കി മൂന്ന് തദ്ദേശസ്ഥാപനങ്ങളും
മൂന്നു തദ്ദേശസ്ഥാപനങ്ങളും പേഴുങ്കര പാലത്തിന് സമീപം മാലിന്യം തള്ളുന്നതിനെതിരെ കര്‍ശന നിരീക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. നഗരസഭ പരിധിയില്‍ രാത്രികാല സ്‌ക്വാഡ് പരിശോധന കര്‍ശനമായി നടത്തിവരുന്നത് തുടരും.
പിരായിരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്‌ക്വാഡിന്റെ പരിശോധനക്ക് പുറമേ നിരീക്ഷണ ക്യാമറ സ്ഥാപിക്കും. പാലക്കാട് ഒലവക്കോട്-മേപ്പറമ്പ് റൂട്ടില്‍ പേഴുങ്കര പാലം എത്തുന്നതിനു മുന്‍പുള്ള വലതുവശം പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിന്റെയും പാലത്തിനുശേഷം വലതുവശം പിരായിരി ഗ്രാമപഞ്ചായത്തിന്റെയും ഇടതുവശം നഗരസഭയുടെ പരിധിയിലുമാണ്.
മാലിന്യം തള്ളുന്നവരെ കണ്ടെത്തിയാല്‍ 10,000 മുതല്‍ 50,000 രൂപ വരെ പിഴ
തെളിവുകളോടെ പഞ്ചായത്തിന്റെ പ്രദേശങ്ങളില്‍ മാലിന്യ തള്ളിയവരെ കണ്ടെത്തിയാല്‍ അവര്‍ക്ക് ആ കാര്യം അറിയിച്ചുകൊണ്ടും പിഴ ഈടാക്കിയതായും പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കും. 10000 മുതല്‍ 50000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. നോട്ടീസ് ലഭിച്ചതിന് അഞ്ച് ദിവസത്തിനകം പിഴത്തുക പഞ്ചായത്ത് ഓഫീസില്‍ അടയ്ക്കണം. അടയ്ക്കാത്ത പക്ഷം അഞ്ചുദിവസത്തേക്ക് കൂടി കാലാവധി നീട്ടും. തുടര്‍ന്നും പിഴ അടയ്ക്കാതെ വന്നാല്‍ പഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരത്തോടെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് വക്കീലിനെ ഏല്‍പ്പിക്കും.