കേന്ദ്ര – സംസ്ഥാന സർക്കാറുകൾ സംയുക്തമായി നടത്തുന്ന ഡി.ഡി.യു.ജി.കെ.വൈ (ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന) പദ്ധതിയിലെയും, കേരള സർക്കാർ കുടുംബശ്രീ നടത്തുന്ന യുവ കേരളം പദ്ധതിയിലെയും പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം “റീ ക്യാപ്ച്ചർ 2023” നടത്തി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തൃശ്ശൂർ എലൈറ്റ് ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ഡോ. എ കവിത അധ്യക്ഷത വഹിച്ചു. കോഴ്സ് വിജയകരമായി പൂർത്തീകരിച്ചവർക്കും പദ്ധതിയിലേക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൂടുതൽ കുട്ടികളെ പങ്കാളികളാക്കിയ സിഡിഎസുകൾക്കുള്ള ഉപഹാരസമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റർ നിർവഹിച്ചു.
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ മോട്ടിവേഷൻ സ്പീക്കർ പി എൽ ജോമിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തി. പൂർവ്വ വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ വേദിയിൽ പങ്കുവെച്ചു. ഡി.ഡി.യു.ജി.കെ.വൈ സെന്ററുകളിലെ കുട്ടികളുടെ കലാപരിപാടികളും, കൊച്ചിൻ നൈറ്റിംഗൽസിന്റെ സംഗീതവിരുന്നും വേദിയിൽ അരങ്ങേറി.
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ ഗ്രാമീണ യുവജനങ്ങൾക്കായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഡി.ഡി.യു.ജി.കെ.വൈ. ഈ പദ്ധതിയുടെ മാതൃകയിൽ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് യുവകേരളം.
ചടങ്ങിൽ കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ കെ കെ പ്രസാദ്, എസ് സി നിർമ്മൽ, എ സിജുകുമാർ, ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ എ കെ വിനീത തുടങ്ങിയവർ സംസാരിച്ചു.
പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ, സിഡിഎസ് ചെയർപേഴ്സന്മാർ, കോഴ്സ് നടപ്പിലാക്കുന്ന സെന്ററിലെ പ്രതിനിധികൾ, ജില്ലാ മിഷൻ സ്റ്റാഫുകൾ തുടങ്ങി മുന്നൂറോളം പേർ പങ്കെടുത്തു.