അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താങ്ങും തണലും ആകുകയാണ് കേന്ദ്ര-സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സഖി വൺസ്റ്റോപ്പ് സെന്റർ. ഗാർഹിക പീഡനം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് താമസവും, കൗൺസിലിങ്ങും, നിയമ സഹായങ്ങളും പദ്ധതി വഴി ഇവിടെ ലഭ്യമാക്കുന്നുണ്ട്. 2018 മുതൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ പ്രവർത്തനം ആരംഭിച്ച സെന്ററിൽ നിലവിൽ 324 ഗാർഹിക പീഡന പരാതികളും 311 കുടുംബ പ്രശ്‌ന പരാതികളും 38 പോക്‌സോ കേസുകളും 40 മാനസിക പ്രയാസം നേരിടുന്ന പരാതികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 600ഓളം പരാതികൾ തീർപ്പാക്കി. അല്ലാത്തവ കൗൺസിലിങ്, മീഡിയേഷൻ തുടങ്ങിയ നടപടികളിലാണ്. പ്രവർത്തനം ആരംഭിച്ച നാൾ മുതൽ 231 പേർക്കാണ് ഷെൽട്ടർ ഉറപ്പ് വരുത്തിയിട്ടുള്ളത്. 144 പരാതികളിൽ നിയമ സഹായം, 387 പരാതികളിൽ കൗൺസിലിങ്, 110 പരാതികളിൽ പോലിസ് സഹായം എന്നിങ്ങനെയും വൺസ്റ്റോപ്പ് സെന്റർ വഴി സാധ്യമാക്കി.

ഗാർഹിക പീഡനം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് താമസവും, കൗൺസിലിങും, നിയമ സഹായങ്ങളും പദ്ധതി വഴി ലഭ്യമാക്കുന്നുണ്ട്. അടിയന്തിര ഇടപെടൽ നടത്താൻ എഫ്.ഐ.ആർ, എൻ.സി.ആർ, ഡി.ഐ.ആർ എന്നിവ ഫയൽ ചെയ്യുന്നതിനായി പൊലീസ്, വനിതാ സംരക്ഷണ ഓഫീസർ തുടങ്ങിയവരുടെ സേവനവും ലഭിക്കും. വീഡിയോ കോൺഫറൻസ് വഴി മൊഴി കൊടുക്കാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. താത്കാലിക അഭയം ആവശ്യമുള്ളവർക്ക് അഞ്ച് ദിവസം വരെയാണ് സഖി വൺസ്റ്റോപ്പ് സെന്ററിൽ താമസം ഒരുക്കുന്നത്. അല്ലെങ്കിൽ സർക്കാർ, സന്നദ്ധ സംഘടനകളുടെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റും. ഒരേ സമയം അഞ്ച് പേരെ താമസിപ്പിക്കാനുള്ള സൗകര്യം സഖി സെന്ററിലുണ്ട്.

സെന്റർ അഡ്മിനിസ്ട്രർ, കേസ് വർക്കർമാർ, സൈക്കോ സോഷ്യൽ കൗൺസിലർ, ലീഗൽ അഡൈ്വസർ, ഐ.ടി സ്റ്റാഫ, മൾട്ടി പർപ്പസ് ഹെൽപ്പർമാർ, സെക്യൂരിറ്റി തുടങ്ങി 12 വനിതാ ജീവനക്കാരാണ് ഇവിടെ ഉള്ളത്. ഇവർക്ക് പുറമേ ആവശ്യഘട്ടങ്ങളിൽ ഡോക്ടർമാർ, അഭിഭാഷകർ, നിയമ വിദഗ്ധർ തുടങ്ങിയവരുടെയും സഹായം ലഭ്യമാകും. ബലാത്സംഗം, ഗാർഹിക പീഡനങ്ങൾ, മറ്റ് ലൈംഗിക അതിക്രമങ്ങൾ, സ്ത്രീധനം, ദുർമന്ത്ര വാദം, ശൈശവ വിവാഹം, ഗർഭം അലസിപ്പിക്കാനുള്ള ശ്രമം, ആസിഡ് ആക്രമണങ്ങൾ, ദുരഭിമാനക്കൊല തുടങ്ങി സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ രാജ്യത്താകമാനം വർധിച്ചതോടെയാണ് വൺസ്റ്റോപ്പ് സെന്റർ എന്ന ആശയം ഉടലെടുത്തത്.

സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ സ്റ്റേറ്റ് നിർഭയ സെൽ നോഡൽ ഏജൻസിയായും ജില്ലാ കളക്ടർ അധ്യക്ഷനായുള്ള മാനേജിങ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് സെന്ററിന്റെ പ്രവർത്തനം നടക്കുന്നത്. സെന്റിന്റെ പ്രവർത്തനത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നത് കേന്ദ്രസർക്കാരാണ്. സഹായങ്ങൾക്ക് 04933 297400 എന്ന നമ്പറിലൊ 181, 112 എന്ന ടോൾഫ്രീ നമ്പറിലോ ബന്ധപ്പെടാം.