ചെറുതോണി പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സര്‍വീസ് റോഡ് നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാകളക്ടര്‍ ഷീബാ ജോര്‍ജ് സ്ഥലം സന്ദര്‍ശിച്ചു. സര്‍വീസ് റോഡിന്റെ അളവെടുപ്പും കളക്ടറുടെ സാന്നിധ്യത്തില്‍ ദേശീയപാത ഉദ്യോഗസ്ഥര്‍ നടത്തി. ജലവിഭവ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനങ്ങളില്‍ യാതൊരു മാറ്റവും വരുത്താതെ നിര്‍മ്മാണം പൂര്‍ത്തിയാക്കണം. റോഡിലൂടെ വെള്ളം കയറി ഒഴുകാതിരിക്കാന്‍ ഓടകളുടെ നിര്‍മ്മാണവും പഴയ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്കിങ്ങിനുള്ള സൗകര്യവും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ പറഞ്ഞു.

പാലത്തിനിരുവശവും കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കാനും പുതിയ ബസ് സ്റ്റാന്‍ഡില്‍ ടേക് എ ബ്രേക്ക് പദ്ധതി ആരംഭിക്കാനും വേണ്ട നടപടികള്‍ ജില്ലാ പഞ്ചായത്ത് സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെജി സത്യന്‍ അറിയിച്ചു. സന്ദര്‍ശനത്തില്‍ ത്രിതല പഞ്ചായത്ത് അംഗങ്ങളായ പ്രഭ തങ്കച്ചന്‍, നിമ്മി ജയന്‍, ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീലതാ വി., അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ റെക്‌സ് അലക്‌സ്, അര്‍ജുന്‍രാജ്, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, വ്യാപാരവ്യവസായ പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.