സംസ്ഥാനത്ത് സർക്കാർ മേഖലയിൽ പുതുതായി ആരംഭിച്ച ആറ് നഴ്സിംഗ് കോളേജുകൾക്കായി 79 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 5 പ്രിൻസിപ്പൽമാർ, 14 അസിസ്റ്റന്റ് പ്രൊഫസർ, ആറ് സീനിയർ സൂപ്രണ്ട്,
ആറ് ലൈബ്രേറിയൻ ഗ്രേഡ് ഒന്ന്, ആറ് ക്ലർക്ക്, ആറ് ഓഫീസ് അറ്റൻഡന്റ് എന്നിങ്ങനെ സ്ഥിരം തസ്തികകളാണ് സൃഷ്ടിച്ചത്. ഇതുകൂടാതെ 12 ട്യൂട്ടർ,
ആറ്  ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, ആറ് ഹൗസ് കീപ്പർ, ആറ് ഫുൾടൈം സ്വീപ്പർ, ആറ് വാച്ച്മാൻ എന്നിങ്ങനെ താത്ക്കാലിക തസ്തികളും അനുവദിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിയമനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നഴ്സിംഗ് മേഖലയുടെ പുരോഗതിയ്ക്കായി വലിയ പ്രവർത്തനങ്ങളാണ് നടത്തിയത്. സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം ഈ വർഷം 760 ബി.എസ്.സി. നഴ്സിംഗ് സീറ്റുകൾ വർധിപ്പിച്ചു. സർക്കാർ മേഖലയിൽ 400 സീറ്റുകൾക്കും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകൾക്കും ആരോഗ്യ സർവകലാശാല അനുമതി നൽകിയിരുന്നു. ചരിത്രത്തിലാദ്യമായാണ് ബി.എസ്.സി. നഴ്സിംഗിൽ ഇത്രയും സീറ്റ് വർധിപ്പിച്ചത്. ഈ സീറ്റുകളിൽ അഡ്മിഷൻ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് തസ്തികകളും സൃഷ്ടിച്ചത്.

ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കാസർഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ 60 സീറ്റ് വീതമുള്ള പുതിയ നഴ്സിംഗ് കോളേജുകളും തിരുവനന്തപുരം സർക്കാർ നഴ്സിംഗ് കോളേജിനോട് അനുബന്ധിച്ച് 100 സീറ്റുള്ള ഒരു അധിക ബാച്ച് ജനറൽ ആശുപത്രി ക്യാമ്പസിലെ പുതിയ ബ്ലോക്കിലും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റിന്റെ കീഴിൽ വർക്കല, നെയ്യാറ്റിൻകര, കോന്നി, നൂറനാട്, ധർമ്മടം, തളിപ്പറമ്പ് എന്നിവടങ്ങളിൽ 60 സീറ്റ് വീതമുള്ള നഴ്സിംഗ് കോളേജുകൾ ആരംഭിക്കും. സി-പാസിന്റെ കീഴിൽ കൊട്ടാരക്കരയിൽ 40 സീറ്റ് നഴ്സിംഗ് കോളേജിന് അനുമതി നൽകിയിട്ടുണ്ട്.

ഈ സർക്കാർ വന്ന ശേഷം 2022-23ൽ 832 ബി.എസ്.സി. നഴ്സിംഗ് സീറ്റുകൾ ഉയർത്തി. നഴ്സിംഗ് മേഖലയിൽ 2021 വരെ ആകെ 7422 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. 2022ൽ 8254 സീറ്റുകളായും 2023ൽ 9910 സീറ്റുകളായും വർധിപ്പിച്ചു. 2021വരെ സർക്കാർ മേഖലയിൽ 435 ബി.എസ്.സി. നഴ്സിംഗ് സീറ്റുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞവർഷം കൊല്ലം, മഞ്ചേരി നഴ്സിംഗ് കോളേജുകൾ (120 സീറ്റ്) ആരംഭിച്ചു. കൂടാതെ നിലവിലുള്ള കോളേജുകളിൽ അധികമായി 92 സീറ്റുകളും വർധിപ്പിച്ചു. ഇതുകൂടാതെയാണ് ഈ വർഷം 760 സർക്കാർ സീറ്റുകൾ വർധിപ്പിച്ചത്.

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 612 ബി.എസ്.സി. നഴ്സിംഗ് സീറ്റുകൾ സർക്കാർ മേഖലയിലും സർക്കാർ, സ്വകാര്യ മേഖലയിലായി ആകെ 2399 സീറ്റുകളും വർധിപ്പിക്കാൻ കഴിഞ്ഞു. 2023-24ൽ 1517 ബി.എസ്.സി. നഴ്സിംഗ് സീറ്റുകളാണ് വർധിപ്പിക്കാൻ പ്രതീക്ഷിക്കുന്നത്. കൂടാതെ സർക്കാർ മേഖലയിൽ ജനറൽ നഴ്സിംഗിന് ഈ വർഷം മുൻവർഷത്തെ അപേക്ഷിച്ച് 100 സീറ്റ് വർധിപ്പിച്ച് 557 സീറ്റുകളായി ഉയർത്തി. തിരുവനന്തപുരത്തും ആലപ്പുഴയിലും എം.എസ്.സി. മെന്റൽ ഹെൽത്ത് നഴ്സിംഗ് കോഴ്സിന് അനുമതി (16 സീറ്റ്) നൽകി. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നഴ്സിംഗ് മേഖലയിൽ സംവരണം അനുവദിക്കുകയും ചെയ്തു.