ഗർഭിണികൾക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കി മാതൃശിശുമരണ നിരക്ക് കുറക്കാൻ സഹായിക്കുന്ന ‘ലക്ഷ്യ’ അവാർഡ് നേടിയ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ആർദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി മാവേലിക്കര ജില്ലാ ആശുപത്രിയുടെ പ്രവർത്തനങ്ങളും വികസനവും വിലയിരുത്താനായി എത്തിയതായിരുന്നു മന്ത്രി.

ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ പൂർത്തിയാക്കണം. കൂടുതൽ തൊഴിലാളികളെ നിർമ്മാണത്തിനായി വിന്യസിക്കണമെന്നും മന്ത്രി നിർദേശിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ആയുള്ള ക്രമീകരണങ്ങൾ ഒരു മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലെ ഇ- ഹെൽത്ത് സേവനങ്ങൾ, സോളാർ പാനൽ തുടങ്ങിയവയെക്കുറിച്ചും മന്ത്രി ചോദിച്ചറിഞ്ഞു.

എം. എസ് അരുൺകുമാർ എം. എൽ. എ, മാവേലിക്കര നഗരസഭ അധ്യക്ഷൻ കെ.വി ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ അധ്യക്ഷ എം.വി പ്രിയ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജമുനാ വർഗീസ്, മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ട് കെ.എ ജിതേഷ്, എച്ച്.എം.സി. അംഗങ്ങൾ, നഴ്‌സിംഗ് സൂപ്രണ്ട്, ജനപ്രതിനിധികൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.