ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം എംഎല്‍എ ഫണ്ടില്‍ നിന്നും 33 ലക്ഷം രൂപ ഉപയോഗിച്ച് ഹോമിയോ ഡിസ്‌പെന്‍സറിക്കായുള്ള കെട്ടിടനിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭയും ഗവ. ഹോമിയോപ്പതി ഡിസ്‌പെന്‍സറിയും സംയുക്തമായി ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണ ക്ലാസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പാര്‍ശ്വഫലങ്ങളില്ലാതെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന നിലയില്‍ ഹോമിയോ ചികിത്സ ഇന്ന് കൂടുതല്‍ പ്രചാരം നേടി കൊണ്ടിരിക്കുന്നു രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുളള മികവിന്റെ അടിസ്ഥാനത്തില്‍ ഹോമിയോ ചികിത്സയുടെ സ്വീകാര്യത വര്‍ധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ത്രികള്‍ക്കും കുട്ടികള്‍ക്കും ഉപകാരപ്രദമായ ഏറെ ചികിത്സാ രീതികള്‍ ഹോമിയോപതിയിലൂടെ കൂടുതല്‍ സ്വീകാര്യത ലഭിച്ച് കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് വനിതകൾക്കായി ഹെൽത്ത് ക്യാംപയിൻ സംഘടിപ്പിച്ചത്.

ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ടി വി ചാര്‍ളി അധ്യക്ഷത വഹിച്ചു. ഹോമിയോപതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലീന റാണി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഫെനി എബിന്‍, സി സി ഷിബിന്‍, ജെയ്‌സന്‍ പാറേക്കാടന്‍, അഡ്വ. ജിഷ ജോബി, നഗരസഭ കൗണ്‍സിലര്‍മാരായ സോണിയ ഗിരി, പി ടി ജോര്‍ജ്ജ്, സന്തോഷ് ബോബന്‍, അല്‍ഫോണ്‍സാ തോമസ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക പള്ളിപ്പുറത്ത്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജു മോഹന്‍ തുടങ്ങിയവർ പങ്കെടുത്തു.