അതെ അട്ടപ്പാടി ഇനി പഴയ അട്ടപ്പാടി അല്ല.. മില്ലറ്റ് വിപ്ലവം തീർക്കാൻ ഒരുങ്ങുകയാണ് അട്ടപ്പാടി ആദിവാസി ഊരുകൾ. നമ്മുടെ ഭക്ഷണം എന്ന് അർത്ഥം വരുന്ന ‘നമ്ത്ത് തീവനഗ’ എന്ന പേരിൽ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി കുടുംബശ്രീ മിഷൻ സഘടിപ്പിച്ച സന്ദേശയാത്രയിലാണ് കേരളത്തിലെ ചെറുധാന്യ കലവറയായ അട്ടപ്പാടിയിൽ ഉത്പാദിപ്പിക്കുന്ന തനത് ചെറുധാന്യങ്ങളുടെ പ്രദർശനം ഒരുക്കിയത്. ഇതിന് പുറമെ ചെറുധാന്യ ഫുഡ് കോർട്ട്, അട്ടപ്പാടി മില്ലറ്റ് സീഡ് പ്രദർശനം, മില്ലറ്റ് കഫേ, അട്ടപ്പാടിയിൽ നിന്നുള്ള 32ഓളം വരുന്ന ചെറുധാന്യങ്ങളുടെ മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
മലപ്പുറം സിവിൽ സ്റ്റേഷൻ ക്യാന്റീൻ പരിസരത്ത് സംഘടിപ്പിച്ച വിപണന സ്റ്റാളിലെ കാണികളുടെ മനം കവർന്ന ‘വനസുന്ദരി’ ഹെർബൽ ചിക്കൻ മേളയുടെ പ്രധാന ആകർഷകമാണ്. കാട്ടിൽ നിന്നുള്ള പച്ചിലകൾ അരച്ച് ചേർത്ത് എണ്ണ തൊടാതെ കല്ലിൽ ചുട്ടെടുക്കുന്ന വിഭവമാണിത്. കുരുമുളകു പൊടിയും പുതിന ഇലയും ശർക്കരയും ചേർത്ത ഹെർബൽ കോഫീയും, ചാമ റാഗി പഴംപൊരിയും, കമ്പ്, വരഗ് പായസത്തിനും ആവശ്യക്കാർ ഏറെ ആയിരുന്നു.
റവ, പുട്ട് പൊടി, ഇൻസ്റ്റന്റ് ദോശ മിക്‌സ് (ചാമ, തിന), ഹെൽത്ത് മിക്‌സ്, മുസ്സെല്ലി, പൊടി (റാഗി, ചോളം, തിന, വരഗ്), അവിൽ എന്നീ മില്ലറ്റ് ഉൽപ്പന്നങ്ങളും വിപണനത്തിനായി ഒരുക്കിയിരുന്നു. കൂടെ അരി ചോളം, വരഗ്, തിന, അമര, തൂവര, പൊരിച്ചീര, ചാമ, കാന്താരി, എള്ള്, മുത്താറി തുടങ്ങി 32 ഇനം വിത്തുകളും പ്രദർശിപ്പിച്ചിരുന്നു. ചോളം, റാഗി-പഞ്ഞപ്പുല്ല്, തിന, ചാമ,വരക്/വരക് അരി, കവടപ്പുല്ല് തുടങ്ങി ധാന്യങ്ങളുടെ വൻ ശേഖരം തന്നെ പ്രദർശനത്തിൽ ഉണ്ടായിരുന്നു.
14 ജില്ലകളിലും ജില്ലാ മിഷന്റെ സഹകരണത്തോടെയാണ് ‘നമത്ത് തീവനഗ’ എന്ന സംസ്ഥാന ചെറുധാന്യ ഉത്പന്ന പ്രദർശന, വിപണന ബോധവൽക്കരണ യാത്ര സഘടിപ്പിക്കുന്നത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിൽ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഷോളയൂർ പുതൂർ, കുറുമ്പ തുടങ്ങിയ പഞ്ചായത്ത് സമിതികളിലൂടെയാണ് ഇത്തരം മാതൃകാപരമായ പദ്ധതികൾ നടപ്പിലാക്കി വരുന്നത്. പുതിയ തലമുറയിൽ കണ്ട് വരുന്ന ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാനും പോഷകാഹാരക്കുറവ് പരിഹാരിക്കാനുമുള്ള ചെറുധാന്യങ്ങളുടെ പങ്ക് മനസിലാക്കിയാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത്.