*നിര്‍മ്മാണോദ്ഘാടനം ടി എന്‍ പ്രതാപന്‍ എംപി നിര്‍വഹിച്ചു
നന്തിപുലം നിലംപതി – മാട്ടുമല – വരന്തരപ്പിള്ളി റോഡ് നവീകരണത്തിന് ഒരുങ്ങുന്നു. റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ടി എന്‍ പ്രതാപന്‍ എംപി നിര്‍വഹിച്ചു. കെ കെ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള 3.06 കി മീ ദൈര്‍ഘ്യമുള്ള റോഡാണിത്. 2023-24 വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.എസ്.വൈ. III പദ്ധതി പ്രകാരമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുമതി ലഭിച്ചിരിക്കുന്നത്. 239.57 ലക്ഷം രൂപയും 5 വര്‍ഷത്തെ അറ്റകുറ്റ പണികള്‍ക്ക് 21.56 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. നിര്‍മ്മാണ ചിലവില്‍ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്.
ഉദ്ഘാടന ചടങ്ങില്‍ വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സരിത രാജേഷ്, വി എസ് പ്രിന്‍സ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ജി അശോകന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സി മനോജ്, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.